നമ്മുടെ രാജ്യത്തെ സാധാരണക്കാരില്‍ സാധാരണക്കാരന്‍റെ വാഹനമാണ് ഓട്ടോറിക്ഷ. ഇന്ത്യന്‍ നിരത്തുകളില്‍ സര്‍വ്വ സാധാരണമായ വാഹനം. ഈ ഓട്ടോറിക്ഷകളില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യാത്തവര്‍ അപൂര്‍വ്വമായിരിക്കും. ഈ ഓട്ടോറിക്ഷയുടെ പരമാവധി വേഗം എത്രയാണെന്ന് ആലോചിച്ചിട്ടുണ്ടോ?  

മറ്റു വാഹനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വേഗത കുറവുള്ള ഒരു പാവത്താന്‍ അതാണ് നമ്മുടെ ചിന്തകളിലെ ഓട്ടോ.  കൂടിപ്പോയാൽ മണിക്കൂറിൽ 60 മുതൽ 80 വരെ. ഈ വേഗത തന്നെ പലപ്പോഴും ആര്‍ജ്ജിക്കാന്‍ ഓട്ടോകള്‍ക്ക് സാധിക്കാറുമില്ല. എന്നാല്‍ ആ ചിന്തകളൊക്കെ മാറ്റാന്‍ സമയമായി. ഇവിടെ വേഗതയുടെ കാര്യത്തില്‍ ഗിന്നസില്‍ കയറിയിരിക്കുകയാണ് ഒരു ഓട്ടോറിക്ഷ വേഗത എത്രയെന്നല്ലേ? മണിക്കൂറില്‍ 119.583 കിലോമീറ്റർ !

ബ്രിട്ടനിലെ എസ‌െക്സിലെ ലിവിങ്ടൺ എയർഫീൽഡിലായിരുന്നു ഗിന്നസില്‍ കയറിയ ഈ കേമന്‍ ഓട്ടോയുടെ  പ്രകടനം. മാറ്റ് എവറാഡ് എന്ന ബ്രിട്ടീഷ് വ്യവസായിയാണ് ഈ ഓട്ടോറിക്ഷ ഓടിച്ച് ഗിന്നസില്‍ കയറിയത്.  ലോകത്തിലെ ഏറ്റവും വേഗത്തിലോടുന്ന ഓട്ടോറിക്ഷ എന്ന റെക്കോർഡാണ് ഈ വാഹനം സ്വന്തമാക്കിയത്.

പുറകില്‍ ഒരു യാത്രക്കാരനെ കൂടി ഇരുത്തിയാണ് മാറ്റ് 119 കിലോമീറ്റർ വേഗത്തിൽ ഓട്ടോറിക്ഷ ഓടിച്ചത്.  റസ്സല്‍ ഷിയര്‍മാന്‍ എന്നയാളായിരുന്നു യാത്രികന്‍. 110 കിലോമീറ്റർ വേഗമായിരുന്നു ലക്ഷ്യമെന്നും 119.583 എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നുമാണ് ഗിന്നസ് അധികൃതരുടെ സാനിധ്യത്തില്‍ നടന്ന പ്രകടനത്തിനു ശേഷം മാറ്റ് വ്യക്തമാക്കിയത്. 

നേരമ്പോക്കിനാണ് അഞ്ച് മാസം മുമ്പ് 3000 പൗണ്ട് മുടക്കി ഈ ഓട്ടോറിക്ഷ സ്വന്തമാക്കിയതെന്നാണ് മാറ്റ് പറയുന്നത്. പിന്നീട് വാഹനത്തിന്‍റെ 350 സിസി എൻജിന്‍ മാറ്റി പകരം ദെയ്ഹാറ്റ്സുവിന്റെ 1300 സിസി എഫ്ഐ എൻജിൻ ഘടിപ്പിച്ചു. ഏകദേശം 20,000 യൂറോയാണ് (18 ലക്ഷത്തോളം രൂപ) ഇതിന് ചിലവായി. 

ഓട്ടോയുടെ പുറകില്‍ യാത്രക്കാരെ വച്ച് കൊണ്ട് നടത്തുന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ശ്രമത്തില്‍ 109.43 കിലോമീറ്ററായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഇതാണ് മാറ്റ് മറികടന്നത്. മണിക്കൂറില്‍ 160.93 കിലോമീറ്റര്‍ വേഗമാണ് 46കാരനായ മാറ്റിന്‍റെയും സംഘത്തിന്‍റെയും അടുത്ത സ്വപ്‍നം. 

ഗിന്നസ് പ്രകടനത്തിന്‍റെ വീഡിയോ കാണാം