വില കുറഞ്ഞ സ്‍മാർട്ട് ഫോണുകൾ വിപണികളില്‍ എത്തിച്ച് ശ്രദ്ധ നേടിയവരാണ് ചൈനീസ് കമ്പനിയായ ഷവോമി. ഇപ്പോഴിതാ, വാഹനലോകത്തേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് ഈ കമ്പനി. നൈൻബോട്ട് സി30 എന്ന പേരിൽ ഇലക്ട്രിക് സ്‍കൂട്ടർ ആണ് ഷവോമി  പുറത്തിറക്കിയിരിക്കുന്നത്. 

3,599 ചൈനീസ് യുവാൻ അതയാത് ഏകദേശം 38,000 രൂപയാണ് നൈൻബോട്ട് C30ന്‍റെ വില. ഇപ്പോൾ വിപിണിയില്‍ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ് ഇതെന്ന് ചുരുക്കം.

400 W മോട്ടോർ ആണ് ഷവോമി നൈൻബോട്ട് C30ന്‍റെ ഹൃദയം.  40 Nm ടോര്‍ഖ് ഉത്പാദിപ്പിക്കുന്ന സ്‍കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്.  മുൻ വീലിൽ ഒരൊറ്റ ഡിസ്കും പിൻ വീലിൽ ഒരു ഡ്രമ്മും സ്കൂട്ടറിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. വാഹനത്തിന് പൂർണ്ണ ചാർജിൽ ഏകദേശം 35 കിലോമീറ്റർ മൈലേജ് ആണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

ഷവോമിയിൽ നിന്ന് C40, C60, C80 എന്നിങ്ങനെ മറ്റ് മൂന്ന് മോഡലുകളും ലഭ്യമാണ്. ഓരോ മോഡലിനും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം വിലയും മാറും. ഈ സ്‍കൂട്ടറുകളുടെ ബാറ്ററി നീക്കം ചെയ്യാവുന്നതും ഉടമയ്ക്ക് വീട്ടിലേക്കോ മറ്റെവിടെയെങ്കിലുമോ  കൊണ്ടുപോയി  റീചാർജ് ചെയ്യാന്‍ സാധിക്കുന്നതുമാണ്. 

ചൈനീസ് നഗര കേന്ദ്രങ്ങളിൽ ഉപയോഗിക്കാൻ ഇരുചക്രവാഹനങ്ങൾ തിരയുന്ന ചെറുപ്പക്കാരെയും കൗമാരക്കാരെയും ആകർഷിക്കുന്ന വിധത്തിലാണ് സ്‍കൂട്ടരിന്‍റെ രൂപകല്‍പ്പന. ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ലാതെ ചൈനയിലെ കൗമാരക്കാർക്ക് നൈൻ‌ബോട്ട് C30 ഓടിക്കാൻ കഴിയും. 

നിലവില്‍ നൈൻ‌ബോട്ട് C30 ചൈനയിൽ മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ. C30 ഉം മറ്റ് മോഡലുകളും മറ്റ് വിപണികളിൽ വിൽപ്പനയ്ക്ക് നൽകുമോ  എന്ന് ഷവോമി പ്രഖ്യാപിച്ചിട്ടില്ല.  ഇന്ത്യ - ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഇവ വരുമോ എന്ന കാര്യവും വ്യക്തമല്ല.