Xiaomi : ഷവോമി ബീജിംഗിൽ കാർ പ്ലാന്‍റ് തുറക്കുന്നു
പ്രതിവർഷം 300,000 വാഹനങ്ങൾ നിർമ്മിക്കാൻ കഴിയുന്ന ഒരു പ്ലാന്റ് ബീജിംഗിൽ നിർമ്മിക്കാന്‍ ഒരുങ്ങുകയാണ് ഷവോമി എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു

ചൈനീസ് (Chinese) സ്‍മാർട്ട്‌ഫോൺ ഭീമനായ ഷവോമി കോർപ്പറേഷൻ (Xiaomi) ഇലക്ട്രിക് വാഹന (EV) നിര്‍മ്മാണത്തിലേക്ക് കടക്കുന്നതായി അടുത്തകാലത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ കമ്പനിയുടെ ഇലക്ട്രിക്ക് വാഹന യൂണിറ്റും ഒരുങ്ങുകയാണ്. പ്രതിവർഷം 300,000 വാഹനങ്ങൾ നിർമ്മിക്കാൻ കഴിയുന്ന ഒരു പ്ലാന്റ് ബീജിംഗിൽ നിർമ്മിക്കാന്‍ ഒരുങ്ങുകയാണ് ഷവോമി എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് പ്ലാന്റ് നിർമ്മിക്കുക. കൂടാതെ ഷവോമി അതിന്റെ ഓട്ടോ യൂണിറ്റിന്റെ ആസ്ഥാനം, വിൽപ്പന, ഗവേഷണ ഓഫീസുകൾ എന്നിവയും ബീജിംഗ് സാമ്പത്തിക സാങ്കേതിക വികസന മേഖലയിൽ നിർമ്മിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സർക്കാർ പിന്തുണയുള്ള സാമ്പത്തിക വികസന ഏജൻസിയായ ബീജിംഗ് ഇ-ടൗൺ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
2024-ൽ പ്ലാന്റ് വൻതോതിൽ ഉൽപ്പാദനത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബീജിംഗ് ഇ-ടൗൺ പറഞ്ഞു. ഒക്ടോബറിൽ ഷവോമി ചീഫ് എക്സിക്യൂട്ടീവ് ലീ ജുൻ പ്രഖ്യാപിച്ച ലക്ഷ്യം ആണിത്.
10 വർഷത്തിനുള്ളിൽ ഒരു പുതിയ ഇലക്ട്രിക് കാർ ഡിവിഷനിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് മാർച്ചിൽ ഷവോമി പറഞ്ഞിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ കമ്പനി ഇവി യൂണിറ്റിന്റെ ബിസിനസ് രജിസ്ട്രേഷൻ പൂർത്തിയാക്കിയിരുന്നു.
സ്‍മാർട്ട്‌ഫോൺ ബിസിനസിലെ ആഭ്യന്തര വിൽപ്പന വളർച്ച വർദ്ധിപ്പിക്കുന്നതിനായി കമ്പനി ആയിരക്കണക്കിന് സ്റ്റോറുകൾ തുറക്കുന്നുണ്ട്. എന്നാൽ ഒടുവിൽ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നതിനുള്ള പദ്ധതികൾക്കായി ഈ ഷോപ്പുകളും ഉപയോഗിക്കാൻ കമ്പനി ഉദ്ദേശിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.