Asianet News MalayalamAsianet News Malayalam

എക്‌സ്‌യുവി 500 ബിഎസ്6 പതിപ്പ് എത്തി

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എക്‌സ്‌യുവി 500 എസ്‌യുവിയുടെ ബിഎസ്6 പതിപ്പ് എത്തി. 

XUV 500 BS6 Model Launch
Author
Mumbai, First Published May 1, 2020, 10:09 AM IST

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എക്‌സ്‌യുവി 500 എസ്‌യുവിയുടെ ബിഎസ്6 പതിപ്പ് എത്തി. 

ബിഎസ് 6 പാലിക്കുന്ന മഹീന്ദ്ര എക്‌സ് യുവി 500 എസ് യുവിയുടെ വില പ്രഖ്യാപിച്ചു. മൂന്നുനിര എസ് യുവിയുടെ ഇപ്പോഴത്തെ ദില്ലി എക്‌സ് ഷോറൂം വില 13.20 ലക്ഷം മുതല്‍ 17.70 ലക്ഷം രൂപ വരെയാണ്. ബിഎസ് 4 വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 29,000 മുതല്‍ 32,000 രൂപ വരെ വര്‍ധിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗ് ദിവസങ്ങള്‍ക്കുമുമ്പ് തുടങ്ങിയിരുന്നു. ഇതുവരെ ലഭിച്ചിരുന്ന ഡബ്ല്യു3 എന്ന ബേസ് വേരിയന്റ് ഇപ്പോള്‍ നിര്‍ത്തി. മാത്രമല്ല, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. ഡീസല്‍ എന്‍ജിന്‍, മാന്വല്‍ ട്രാന്‍സ്മിഷന്‍ കൂട്ടുകെട്ടില്‍ മാത്രമാണ് ഇപ്പോള്‍ മഹീന്ദ്ര എക്‌സ് യുവി 500 ലഭിക്കുന്നത്.

2011ൽ അരങ്ങേറ്റം കുറിച്ച എക്സ്‌യുവി 500 മഹീന്ദ്ര, പിന്നീട് ഏതാനും തവണ പരിഷ്കരിച്ചിരുന്നു. കൂടുതൽ പുതുമയുള്ള മുഖം നൽകാനായി പൂർണമായും നവീകരിച്ച  രൂപകൽപ്പനയാണ് എക്സ്‌യുവി 500 എസ്‌യുവിയുടെ രണ്ടാം തലമുറയ്ക്കായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. യുഎസിലെ മിഷിഗനിലുള്ള നോർത്ത് അമേരിക്കൻ ടെക്നിക്കൽ സെന്ററിന്റെ വൈദഗ്ധ്യമാവും മഹീന്ദ്ര പുതിയ എസ്‌യുവിക്കായി പ്രയോജനപ്പെടുത്തുക. ഒപ്പം ഇറ്റാലിയൻ ഡിസൈൻ ഹൗസായ പിനിൻഫരിനയുടെ സേവനവും ലഭ്യമാണ്.

ഇതുവരെ ഉപയോഗിച്ചിരുന്ന 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എന്‍ജിന്‍ തുടരും. എന്നാല്‍ ഇപ്പോള്‍ ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചു. കരുത്തിലും ടോര്‍ക്കിലും മാറ്റമില്ല. ഇലക്ട്രോണിക്കലായി നിയന്ത്രിക്കാവുന്ന വേരിയബിള്‍ ജ്യോമെട്രി ടര്‍ബോചാര്‍ജര്‍ (ഇ വിജിടി) ലഭിച്ച എന്‍ജിന്‍ 3,750 ആര്‍പിഎമ്മില്‍ 153 ബിഎച്ച്പി കരുത്തും 1,750- 2,800 ആര്‍പിഎമ്മില്‍ 360 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ മാത്രമാണ് ഗിയര്‍ബോക്‌സ് ഓപ്ഷന്‍. ജാപ്പനീസ് കമ്പനിയായ ഐസിനില്‍നിന്ന് വാങ്ങുന്ന 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പിന്നീട് തിരികെയെത്തുമെന്ന് പ്രതീക്ഷിക്കാം. 2.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, ഓള്‍ വീല്‍ ഡ്രൈവ് (ഡീസല്‍ എന്‍ജിന്‍ വേര്‍ഷനില്‍ മാത്രം) എന്നിവ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഈ രണ്ട് ഓപ്ഷനുകളും കഴിഞ്ഞ വര്‍ഷം നിര്‍ത്തി.

മെക്കാനിക്കല്‍ പരിഷ്‌കാരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങളില്ല. സണ്‍റൂഫ്, കീലെസ് എന്‍ട്രി & ഗോ, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണിംഗ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടുകൂടി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, ലെതററ്റ് അപ്‌ഹോള്‍സ്റ്ററി, പവേര്‍ഡ് ഡ്രൈവര്‍ സീറ്റ് എന്നിവ ഡബ്ല്യു11 (ഒ) എന്ന ടോപ് സ്‌പെക് വേരിയന്റിലെ ക്രീച്ചര്‍ കംഫര്‍ട്ടുകളാണ്.

ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലര്‍ട്ട് സിസ്റ്റം, ഉയര്‍ന്ന വേരിയന്റുകളില്‍ നാല് അധിക എയര്‍ബാഗുകള്‍, ഇഎസ്പി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.

ഇന്ത്യന്‍ വിപണിയിലെ മറ്റ് ഡീസല്‍, മാന്വല്‍ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങളായ ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവയോടാണ് മഹീന്ദ്ര എക്‌സ് യുവി 500 പ്രധാനമായും മല്‍സരിക്കുന്നത്. സമഗ്രമായി പരിഷ്‌കരിച്ച രണ്ടാം തലമുറ എക്‌സ് യുവി 500 അടുത്ത വര്‍ഷം വിപണിയില്‍ അവതരിപ്പിക്കും.

വേരിയന്റ് വില

ഡബ്ല്യു5 13.20 ലക്ഷം
ഡബ്ല്യു7 14.50 ലക്ഷം
ഡബ്ല്യു9 16.20 ലക്ഷം
ഡബ്ല്യു11 (ഒ) 17.70 ലക്ഷം

Follow Us:
Download App:
  • android
  • ios