ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ പുതിയ 2020 എയറോക്സ് 155 സ്‍കൂട്ടർ ഇന്തോനേഷ്യൻ വിപണിയിൽ പുറത്തിറക്കി. YZF R15 V3 സ്പോർട്‌സ് മോട്ടോർസൈക്കിളിലെ അതേ എഞ്ചിനാണ് എയറോക്‌സ് 155 മോഡലിലും യമഹ ഉപയോഗിച്ചിരിക്കുന്നതെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

യമഹ മോഡലിന്റെ ഫ്യുവൽ ടാങ്ക് ശേഷി 4.6 ലിറ്ററിൽ നിന്ന് 5.5 ലിറ്ററായി ഉയർത്തിയിട്ടുമുണ്ട്. കീലെസ് ഇഗ്നിഷൻ, ഹസാർഡ് ലൈറ്റ് സ്വിച്ച്, റിമോട്ട് ലോക്കിംഗ് സിസ്റ്റം,എഞ്ചിൻ കിൽ സ്വിച്ച് എന്നിവയ്ക്കൊപ്പം 25 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് പ്രൊവിഷനും സ്കൂട്ടറിലുണ്ട്. യമഹ എയറോക്‌സ് 155-ന് കരുത്തേകുന്നത് R15 പോലെ 155 സിസി, സിംഗിൾ സിലിണ്ടറാണ് വേരിയബിൾ വാൽവ് ആക്യുവേഷൻ (വിവി‌എ) എഞ്ചിനാണ്. ഇത് സ്കൂട്ടറിൽ 8,000 rpm-ൽ 15.15 bhp കരുത്തും 6,500 rpm-ൽ 13.9 Nm ടോർക്കും ഉത്പാദിപ്പിക്കും. 

X-ആകൃതിയിലുള്ളതും നീളമുള്ളതുമായ സീറ്റ് പാനൽ ഒരു എൽഇഡി ടെയിൽ ലാമ്പിലേക്ക് ചേരുംവിധമാണ് രൂപകൽപ്പന. വിശാലമായ ആപ്രോണിൽ‌ ഡി‌ആർ‌എല്ലുകളുള്ള മെലിഞ്ഞ രൂപത്തിലുള്ള ഡ്യുവൽ‌-പോഡ് എൽ‌ഇഡി ഹെഡ്‌ലാമ്പ് മോഡലിനെ കൂടുതൽ ആകർഷകമാക്കും. റേ Z125-ന് സമാനമായി ഹാൻഡിൽബാർ കൗളിൽ ഒരു ചെറിയ വൈസറും ഉണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ബ്ലൂ-ബാക്ക്‌ലിറ്റ് എൽസിഡി ഡിസ്‍പ്ലേ മോഡലിലുണ്ട്.