കേരളത്തിലും ബ്ലൂ സ്‌ക്വയര്‍ ഔട്ട്ലെറ്റ് തുറന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മതാക്കളായ യമഹ മോട്ടോര്‍ ഇന്ത്യ

കൊച്ചി: കേരളത്തിലും ബ്ലൂ സ്‌ക്വയര്‍ ഔട്ട്ലെറ്റ് തുറന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മതാക്കളായ യമഹ മോട്ടോര്‍ ഇന്ത്യ. കൊച്ചിയിലാണ് പുത്തന്‍ ഔട്ട്ലെറ്റ് എന്നും കമ്പനിയുടെ ഇന്ത്യയിലെ 25-ാമത്തെ ബ്ലൂ സ്‌ക്വയര്‍ ഔട്ട്ലെറ്റ് ആണിതെന്നും ഫ്യൂച്ചര്‍ കേരള റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീ വിഘ്നേശ്വര മോട്ടോഴ്‌സാണ് ഡീലര്‍. ഇതുവഴി കേരളത്തിലും പ്രീമിയം റീട്ടെയില്‍ രംഗത്തെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ് യമഹ മോട്ടോര്‍ ഇന്ത്യ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ ഡിജിറ്റല്‍ അനുഭവം സമ്മാനിക്കുന്നതാണ് ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റുകള്‍. നീല നിറം പ്രമേയമാക്കിയാണ് ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകളുടെ രൂപകല്‍പ്പന. ഫാസിനോ 125 എഫ്‌ഐ സ്‌കൂട്ടര്‍ മുതല്‍ എഫ്ഇസഡ് 25 വരെയുള്ള യമഹയുടെ എല്ലാ മാസ് മാര്‍ക്കറ്റ് മോഡലുകളും ബ്ലൂ സ്‌ക്വയര്‍ ഷോറൂമില്‍ ലഭ്യമായിരിക്കും. മോട്ടോര്‍ സൈക്കിളുകളും സ്‌കൂട്ടറുകളും ഡിസ്‌പ്ലേ ചെയ്യുന്നത് കൂടാതെ ആക്‌സസറികളും വസ്ത്രങ്ങളും സ്‌പെയര്‍ പാര്‍ട്‍സുകളും ഇവിടെ നിന്ന് ലഭിക്കും.

യമഹ 2018 ല്‍ ആരംഭിച്ച ‘കോള്‍ ഓഫ് ദ ബ്ലൂ’ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകള്‍ തുറക്കുന്നത്. ഇന്ത്യയില്‍ ഭാവിയില്‍ കൂടുതല്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും വില്‍ക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റുകള്‍. ‘കോള്‍ ഓഫ് ദ ബ്ലൂ’ കാംപെയിനിന്‍റെ ഭാഗമായ ‘ബ്ലൂ സ്‌ക്വയര്‍’ യമഹയുടെ റേസിംഗ് സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചതും യമഹയുടെ ബ്ലൂ തീം അനുസരിച്ച് രൂപകല്‍പ്പന ചെയ്‍തതുമായ പ്രീമിയം റീട്ടെയില്‍ ആശയമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona