ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹ തങ്ങളുടെ ഫാസിനോ 125, റേ Z 125 എന്നീ സ്‌കൂട്ടറുകളുടെ വില പരിഷ്‍കരിച്ചു . 800 രൂപയുടെ വർധനവ് നടപ്പിലാക്കിയിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഫാസിനോ 125 സ്റ്റാൻഡേർഡ് ഡ്രം വേരിയന്റിന് ഇനി 69,530 രൂപയും സ്റ്റാൻഡേർഡ് ഡിസ്‍ക് പതിപ്പ് വാങ്ങാന്‍ 72,030 രൂപയും നൽകണം. സ്കൂട്ടറിന്റെ ഡീലക്സ് ഡ്രം മോഡലിനായി 70,530 രൂപ, ഡീലക്സ് ഡിസ്ക്കിനായി 73,060 രൂപയും നൽകണം. റേ ZR 125 ഡ്രം വേരിയന് 70,330 രൂപ, ഡിസ്ക് പതിപ്പിന് 73,330 രൂപ, സ്ട്രീറ്റ് റാലി മോഡലിന് 74,330 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ യമഹ റേയിൽ നൽകിയിരിക്കുന്നു. ആപ്രോണി ഘടിപ്പിച്ച ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡിആര്‍എല്‍, വലിയ സീറ്റ്, 21 ലിറ്റര്‍ വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ് സ്‌പേസ്, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് തുടങ്ങിയ സവിശേഷതകള്‍ റേ 125ൽ ഒരുങ്ങുന്നു.

125 സിസി, എയർ-കൂൾഡ്, ഫ്യുവൽ-ഇന്‍ജെക്ടഡ് എഞ്ചിനാണ് ഈ യമഹ സ്‍കൂട്ടറുകളുടെ ഹൃദയം . ഈ എഞ്ചിന്‍ 6,500 rpm-ൽ 8.04 bhp കരുത്തും 5,000 rpm-ൽ 9.7 Nm ടോർക്കും ഉത്പാദിപ്പിക്കും. ലിറ്ററിന് 58 കിലോമീറ്റര്‍  കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. പഴയ 113 സിസി മോഡലുകളേക്കാള്‍ 30 ശതമാനം കൂടുതല്‍ കരുത്തുറ്റതാണ് പുതിയ എഞ്ചിനെന്നാണ് കമ്പനിയുടെ അവകാശവാദം.