Asianet News MalayalamAsianet News Malayalam

64 കിമീ മൈലേജും മോഹവിലയും; പുത്തന്‍ ഫാസിനോയുമായി യമഹ

രണ്ട് വകഭേദങ്ങളിൽ പുതിയ ഫാസിനോ ഹൈബ്രിഡ് ലഭ്യമാണ്. ഡ്രം ബ്രേക്ക് മോഡലിന് 70,000 രൂപയും ഡിസ്​ക്​ ബ്രേക്ക് മോഡലിന് 76,530 രൂപയുമാണ് എക്സ്ഷോറൂം വില

Yamaha Fascino 125 Hybrid launched
Author
Mumbai, First Published Jul 23, 2021, 2:21 PM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ ജനപ്രിയ സ്‍കൂട്ടര്‍ മോഡലായ ഫാസിനോ ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി പരിഷ്‌കരിച്ച് വിപണിയില്‍ എത്തി. ഒരുമാസം മുമ്പ്​ വിർച്വൽ ലോഞ്ചിലൂടെ അവതരിപ്പിച്ച വാഹനമാണ്​ ഇപ്പോൾ നിരത്തില്‍ എത്തിയിരിക്കുന്നത്​. നിലവിലുള്ള ഫാസിനോക്ക്​ പകരമാണ്​ പുതിയ ഹൈബ്രിഡ്​ വാഹനം എത്തുന്നത്​. രണ്ട് വകഭേദങ്ങളിൽ പുതിയ ഫാസിനോ ഹൈബ്രിഡ് ലഭ്യമാണ്. ഡ്രം ബ്രേക്ക് മോഡലിന് 70,000 രൂപയും ഡിസ്​ക്​ ബ്രേക്ക് മോഡലിന് 76,530 രൂപയുമാണ് എക്സ്ഷോറൂം വിലയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

125 സിസി, എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്​ കരുത്തുപകരുന്നത്​. 6,500 ആർപിഎമ്മിൽ 8.2 എച്ച്പിയും 5,500 ആർപിഎമ്മിൽ 10.3 എൻഎം ടോർക്കും എഞ്ചിൻ സൃഷ്‍ടിക്കും. വാഹനത്തിലെ ഹൈബ്രിഡ്​ സംവിധാനം തന്നെയാണ് മുഖ്യ സവിശേഷത. സ്‍മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (എസ്എംജി) സിസ്റ്റമാണ് വാഹനത്തില്‍ ഹൈബ്രിഡ് സംവിധാനമായി മാറുന്നത്. ഇത് ഒരു ഇലക്ട്രിക് മോട്ടോറായി പ്രവര്‍ത്തിക്കും. സ്​കൂട്ടർ ഓടിക്കു​മ്പോൾ പല സമയത്തും ഈ സംവിധാനം യാത്രികനെ പിന്തുണയ്ക്കും. വാഹനം സ്​റ്റാർട്ട്​ ചെയ്യുമ്പോഴും കയറ്റം കയറു​മ്പോഴും ട്രാഫിക്​ സിഗ്​നലിൽ നിർത്തു​മ്പോഴുമെല്ലാം ഹൈബ്രിഡ്​ സംവിധാനം പ്രവർത്തനക്ഷമമാകും.

ബ്ലൂടൂത്ത് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്​റ്റർ ആണ്​ മറ്റൊരു പ്രത്യേകത. പവർ അസിസ്​റ്റ്​ ഫംഗ്ഷൻ പ്രവർത്തിക്കുമ്പോൾ ഇൻസ്ട്രുമെൻറ്​ ക്ലസ്​റ്ററിൽ റൈഡറിന് അറിയിപ്പ് ലഭിക്കും. മുൻകൂട്ടി നിശ്ചയിച്ച ആർ‌പി‌എം കടന്നതിനുശേഷം സിസ്​റ്റം പവർ അസിസ്റ്റ് ഓഫ് ചെയ്യും. ഹൈബ്രിഡ്​ സംവിധാനം വന്നതോടെ ഫാസിനോക്ക്​ മൈലേജ് കൂടി​. ഹൈവേയിൽ 64.2 കിലോമീറ്റർ ആണ്​ സ്​കൂട്ടറി​ന്‍റെ ഇന്ധനക്ഷമത.  

സൈലൻറ്​ സ്​റ്റാർട്ട് സിസ്റ്റം, ഓട്ടോ സ്റ്റോപ്പ് സ്റ്റാർട്ട് എന്നിവ ഉൾപ്പെടെ സംവിധാനങ്ങളും സ്​കൂട്ടറിൽ ലഭിക്കും. എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം ഇന്ധനക്ഷമത കൂട്ടും.  ഡിസ്​ക്​ ബ്രേക്ക്, എൽഇഡി ഹെഡ്​ലൈറ്റ്,​ എൽഇഡി ഡിആർഎൽ, വി ആകൃതിയിലുള്ള ടെയിൽ‌ ലൈറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഈ ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ഡിസ്‌ക് ബ്രേക്ക് വേര്‍ഷനിലാണ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ലഭിക്കുന്നത്.  ഹൈബ്രിഡ് സിസ്റ്റം എപ്പോഴാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വ്യക്തമാക്കും. ഇന്ത്യന്‍ വിപണിയില്‍ ഇത്തരമൊരു ഇരുചക്ര വാഹനം ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂണിഫൈഡ് ബ്രേക്ക് സിസ്റ്റം (യുബിഎസ്) സഹിതമാണ് മുന്നില്‍ 190 എംഎം ഡിസ്‌ക് ബ്രേക്ക്. യമഹ കണക്റ്റ് എക്‌സ് ആപ്പ് വഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റി സാധ്യമാണ്. ലൊക്കേറ്റ് മൈ വെഹിക്കിള്‍, ആന്‍സര്‍ ബാക്ക്, റൈഡിംഗ് ഹിസ്റ്ററി, പാര്‍ക്കിംഗ് റെക്കോര്‍ഡ്, ഹസാര്‍ഡ് അലര്‍ട്ടുകള്‍ എന്നീ ഫീച്ചറുകള്‍ ലഭിക്കുന്നതാണ് ആപ്പ്.

ബ്ലൂടൂത്ത് ഉള്ള ഡിജിറ്റൽ ഡാഷും പ്രത്യേകതയാണ്​. യമഹ കണക്റ്റ് എക്​സ്​ ആപ്പ് ഉപയോഗിച്ച്, ഫോൺ കോളുകൾക്ക് മറുപടി നൽകാനും സ്‌കൂട്ടർ കണ്ടെത്താനും റൈഡിങും പാർക്കിങ്​ ഹിസ്​റ്ററിയും റെക്കോർഡ്​ ചെയ്യാനും കഴിയും. എന്നാല്‍ ടിവിഎസ് എൻ‌ടോർക്ക് 125, സുസുക്കി ആക്സസ് 125 എന്നിവയിൽ ലഭിക്കുന്ന നാവിഗേഷൻ സംവിധാനം ഫാസിനോക്ക്​ ലഭിക്കില്ല. 

ഷാസിയിലും ബോഡി വർക്കിലും മാറ്റങ്ങളില്ല. പുതുതായി സ്റ്റിക്കറുകൾ ചേർക്കുകയും പുതിയ നിറങ്ങൾ അവതരിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​. ഡിസ്​ക്​ ബ്രേക്ക് വേരിയൻറിന് പുതിയ വിവിഡ് റെഡ്, മാറ്റ് ബ്ലാക്ക് തുടങ്ങി കൂൾ ബ്ലൂ മെറ്റാലിക് നിറങ്ങളും ലഭിക്കും. ഡ്രം വേരിയൻറിന് മുകളിൽ പറഞ്ഞവയ്‌ക്ക് പുറമേ എ​ല്ലോ കോക്​ടെയിൽ നിറങ്ങളും ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ അവസാനത്തോടെ വാഹനം ഉപ​ഭോക്​താക്കളിലെത്തും.  ഇതേ സാങ്കേതികവിദ്യ യമഹ റേ സെഡ്ആര്‍ 125 എഫ്‌ഐ സ്‌കൂട്ടറിലും നല്‍കാനാണ് കമ്പനിയുടെ നീക്കം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

Follow Us:
Download App:
  • android
  • ios