ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ ഫുൾ ഫെയേർഡ് മോട്ടോർസൈക്കിളായ YZF R15 വേർഷൻ 3.0-യുടെ വില കൂട്ടി. 1,200 രൂപയാണ് കമ്പനി വർദ്ധിപ്പിച്ചതെന്ന് സിഗ് വീല്‍സ് റിപ്പോർട്ട് ചെയ്യുന്നു. തണ്ടർ ഗ്രേ നിറത്തിന് 1,54,094 രൂപ, ഡാർക്ക് നൈറ്റ് പതിപ്പിന് 1,56,210 രൂപ, റേസിംഗ് ബ്ലൂ നിറത്തിന് 1,55,202 എന്നിങ്ങനെയാണ് പുതിയ എക്‌സ്-ഷോറൂം വിലകൾ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡെൽറ്റബോക്‌സ് ഫ്രെയിം അടിസ്ഥാനമാക്കിയാണ് ബൈക്കിന്റെ നിർമാണം. മുൻ ചക്രത്തിന് ടെലിസ്കോപിക് ഫോർക്കും, പുറകിൽ ലിങ്ക് ടൈപ്പ് സസ്‌പെഷനും ആണ്. ബിഎസ്6 മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷകരിച്ച 155 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എൻജിൻ ആണ് ഈ ബൈക്കിന്‍റെ ഹൃദയം. 10,000 ആർപിഎമ്മിൽ 18.6 എച്ച്പി പവറും, 8,500 അർപിഎമ്മിൽ 14.1 എൻഎം ടോർക്കും ഈ എൻജിൻ  ഉത്പാദിപ്പിക്കും. 6-സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. 

സൈഡ്-സ്റ്റാൻഡ് ഇൻഹിബിറ്റർ പുതിയ YZF R15 വേർഷൻ 3.0യിൽ ഉണ്ട്. സൈഡ് സ്റ്റാൻഡ് ഇട്ടിരിക്കുന്ന സമയത്ത് ഇഗ്നിഷൻ ഓൺ ആവാതെ ക്രമീകരിക്കുന്ന സുരക്ഷാ സംവിധാനമാണിത്. 142 കിലോഗ്രാം ആണ് ആർ15 വേർഷൻ 3.0-യുടെ ഭാരം. ഇരട്ട ഹോൺ, പുറകിൽ റേഡിയൽ ട്യൂബ്-ലെസ്സ് ടയർ എന്നിവയും നൽകിയിരിക്കുന്നു.