യമഹയുടെ റേ-ഇസഡ്ആര്‍ 125, റേ-ഇസഡ്ആര്‍ 125 സ്ട്രീറ്റ് റാലി സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു

ദില്ലി: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹയുടെ റേ-ഇസഡ്ആര്‍ 125, റേ-ഇസഡ്ആര്‍ 125 സ്ട്രീറ്റ് റാലി സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. നിലവിലെ റേ-ഇസഡ്ആര്‍ സ്‌കൂട്ടറുകള്‍ക്ക് പകരമാണ് പുതിയ മോഡലുകള്‍ വരുന്നത്. 

നിശബ്ദമായി എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്ന സംവിധാനത്തോടെയാണ് റേ-ഇസഡ്ആര്‍ 125 വരുന്നത്. സ്‌റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റവും വാഗനത്തിലുണ്ട്. പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പിറകില്‍ 110 എംഎം വീതിയുള്ള ടയര്‍ എന്നിവ സ്ട്രീറ്റ് റാലി സ്‌കൂട്ടറിലെ അധിക ഫീച്ചറുകളാണ്. മുന്‍, പിന്‍ ക്രാഷ് ഗാര്‍ഡ് ഉള്‍പ്പെടെ നിരവധി ആക്‌സസറികളും സ്ട്രീറ്റ് റാലി വേരിയന്റിന് ലഭിക്കും.

125 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുകളാണ് പുതിയ സ്‍കൂട്ടറുകളുടെ ഹൃദയം. ഈ ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ ബിഎസ് 6 പാലിക്കും. 8.2 എച്ച്പി കരുത്തും 9.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. നിലവിലെ യമഹ റേ ഇസഡ്, റേ-ഇസഡ്ആര്‍, റേ-ഇസഡ്ആര്‍ സ്ട്രീറ്റ് റാലി സ്‌കൂട്ടറുകള്‍ക്ക് കരുത്തേകുന്നത് 113 സിസി, സിംഗിള്‍ സിലിണ്ടര്‍, കാര്‍ബുറേറ്റഡ് എന്‍ജിനാണ്. ഈ മോട്ടോര്‍ 7.2 എച്ച്പി കരുത്തും 8.1 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 

പുതിയ എന്‍ജിന്‍ 16 ശതമാനം അധികം ഇന്ധനക്ഷമത നല്‍കുമെന്ന് യമഹ അവകാശപ്പെടുന്നു. അതായത്, 58 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഇരു സ്‌കൂട്ടറുകളുടെയും വില പിന്നീട് പ്രഖ്യാപിക്കും.