മൂന്ന് വീലുകളുള്ള പുതിയ സ്‌കൂട്ടറിനെ പുറത്തിറക്കി ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ. അമേരിക്കന്‍ വിപണിയില്‍ ആണ് നിലവിൽ ട്രൈസിറ്റി 300 എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിച്ചത്.

2019 ടോക്കിയോ മോട്ടോര്‍ ഷോയിലാണ് മൂന്ന് വീലുകളുള്ള ഈ സ്‌കൂട്ടറിനെ കമ്പനി ആദ്യം അവതരിപ്പിക്കുന്നത്. 2018 -ല്‍ ഈ സ്‌കൂട്ടറിന്റെ കണ്‍സെപ്റ്റ് മോഡലിനെ 3CT എന്ന പേരില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. നേരത്തെ യമഹ നിക്കെന്‍ എന്നൊരു ത്രീ-വീലര്‍ ബൈക്കിനെയും, ട്രൈസിറ്റി 125 എന്നൊരു സ്‌കൂട്ടറിനെയും വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ സ്‌കൂട്ടറിന്റെ സ്ഥാനം ഈ രണ്ട് മോഡലുകള്‍ക്കും ഇടിയിലാകും.

പുതിയ ട്രൈസിറ്റി 300 സ്‌കൂട്ടറിന് വലിയ മാക്‌സി സ്‌കൂട്ടറിന്റെ തലയെടുപ്പുണ്ട്. സ്‌കൂട്ടറിന്റെ ഭാരം 239 കിലോഗ്രാമാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പാര്‍ക്കിംഗ് ബ്രേക്ക്, കീലെസ് ഇഗ്‌നിഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും യമഹ ട്രൈസിറ്റി 300-യുടെ സവിശേഷതകളാണ്.

രണ്ട് ഫ്രണ്ട് വീലുകളാണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത.വലിയ എല്‍ഇഡി ഹെഡ്‌ലാമ്പും, വിന്‍ഡ് സ്‌ക്രീനും മുന്നിലെ സവിശേഷതകളാണ്. X മാക്‌സ് 300-ല്‍ നിന്നും കടമെടുത്ത 292 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത്.