ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹയുടെ റെട്രോ ഡിസൈനിലുള്ള യമഹ XSR155 ഇന്ത്യയിലേക്ക്. യമഹയുടെ ഐതിഹാസിക ബൈക്കായ ആര്‍എക്‌സ് 100നെ ഓര്‍മിപ്പിക്കുന്ന മോഡല്‍ ഡിസംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

R15 V3.0 മോഡലിലെ 155 സിസി എസ്ഒഎച്ച്സി എന്‍ജിനായിരിക്കും XSR 155 മോഡലിന്‍റെ ഹൃദയം. ഈ എന്‍ജിന്‍ 19.3 എച്ച്പി പവറും 14.7 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

യമഹയുടെ YZF-R15, MT-15 തുടങ്ങിയ ബൈക്കുകളുടെ പ്ലാറ്റ്‌ഫോമിലാവും ഈ ബൈക്കും എത്തുക. സിംഗിള്‍ സീറ്റ് ബൈക്കാണ് XSR155 എന്നതാണ് പ്രധാന പ്രത്യേകത. എല്‍ഇഡി ഹെഡ് ലൈറ്റും വൃത്താകൃതിയിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്ററും പുതിയ ഡിസൈനിലുള്ള പെട്രോള്‍ ടാങ്കുമാണ് XSR155 നെ വേറിട്ടതാക്കുന്നു. സുരക്ഷക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസും ഉണ്ട്.  മുന്നില്‍ അപ്പ്സൈഡ് -ഡൗണ്‍ സസ്പെന്‍ഷനും പിന്നില്‍ മോണോഷോക്കുമാണ് സസ്‍പെന്‍ഷന്‍. ബൈക്കിന്‍റെ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.