ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹയുടെ സ്‌പോര്‍ട്‌സ് ബൈക്ക്  YZF-R3യുടെ 2019 മെയ് മാസത്തിലെ വില്‍പ്പന വട്ടപ്പൂജ്യം.  മെയ് മാസത്തില്‍ R3 യുടെ ഒരു യൂണിറ്റ് പോലും വിറ്റ് പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കിന്‍റെ പരിഷ്‍കരിച്ച മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കെ ഈ മോശംപ്രകടനം കമ്പനിയെ നിരാശരാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച YZF R3ന് നിലവില്‍ 3.50 ലക്ഷം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ എക്സ് ഷോറൂം വില. ബൈക്കിന്റെ ഈ വില തന്നെയാകാം വിപണിയിലെ അപ്രിയത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ മോഡല്‍ ഉടന്‍ എത്തിയേക്കും. ഡിസൈനില്‍ അല്‍പ്പം മാറ്റങ്ങളുണ്ടെങ്കിലും എഞ്ചിനില്‍ മാറ്റമൊന്നുമുണ്ടാകില്ല. നിലവിലെ 321 സിസി ഇന്‍ലൈന്‍ ഇരട്ട സിലണ്ടര്‍ എഞ്ചിന്‍ തന്നെയാവും ബൈക്കിന്‍റെ ഹൃദയം. എന്നാല്‍ ബിഎസ് VI നിലവാരത്തിലാവും പുത്തന്‍ പതിപ്പിന്റെ എഞ്ചിന്‍. 10,750 rpm -ല്‍ 40.8 bhp കരുത്തും, 9000 rpm -ല്‍ 29.6 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ എഞ്ചിന് കഴിയും.

6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ട്രാന്‍സ്‍മിഷന്‍. പുതിയ മെറ്റ്സീലര്‍ റെഡിയല്‍ ടയറുകളാണ്, 41 mm കയാബാ ഫോര്‍ക്സാണ് മുന്‍വശത്ത്, പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനാണ്. മുന്നില്‍ 298 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌കുമാണ്. എബിഎസ് സ്റ്റാന്റേഡായി ഉണ്ടാകും. 

നിലവിലുള്ള മോഡലില്‍ നിന്നും കൂടുതല്‍ എയറോഡൈനാമിക്ക് ഡിസൈനാണ് പുതിയ മോഡലിന്. ഈ എയറോഡൈനാമിക്ക് ഡിസൈന്‍ നിലവിലെ മോഡലിലും എട്ട് കിലോമീറ്റര്‍ കൂടുതല്‍ വേഗം സഞ്ചരിക്കാന്‍ പുതിയ മോഡലിനെ സഹായിക്കും. ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്പുകളായിരിക്കും പുത്തന്‍ ബൈക്കില്‍. 

ഈ  പുതിയ പതിപ്പ് അന്താരാഷ്ട്ര വിപണിയില്‍ നേരത്തെ എത്തിയിരുന്നു. ഇന്ത്യയിലെത്തുമ്പോള്‍ പുതുക്കിയ പതിപ്പിന് കുറഞ്ഞത് 30,000 രൂപയെങ്കിലും വില ഉയരാം എന്നതും കമ്പനി ആശങ്കയോടെയാണ് കാണുന്നത്.