Asianet News MalayalamAsianet News Malayalam

ഓടുന്ന കാറിന്‍റെ ചില്ലിലും വിന്‍ഡോകളിലും യുവാക്കള്‍, തലയില്‍ കൈവച്ച് ജനം!

മഴയത്ത്, ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ മുന്‍ഗ്ലാസിന് മുകളിലും ഇരുവശത്തെ വിന്‍ഡോകളിലും തൂങ്ങി പൊതുനിരത്തിലൂടെ പാഞ്ഞ യുവാക്കളെ തേടി പൊലീസ്

Youngsters stunt on a moving car goes viral
Author
Kalyan, First Published Jun 14, 2021, 1:13 PM IST

മഴയത്ത്, ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലും ഇരുവശത്തെ വിന്‍ഡോകളിലും തൂങ്ങി പൊതുനിരത്തിലൂടെ പാഞ്ഞ യുവാക്കളെ തേടി പൊലീസ്.  സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ ഈ വീഡിയോ മഹാരാഷ്‍ട്രയില്‍ നിന്നുള്ളതാണെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

വീഡിയോയിൽ, ഒരു മാരുതി സുസുക്കി എസ്-ക്രോസ് റോഡിലൂടെ വരുന്നത് കാണാം. മഴ പെയ്‍ത് നനഞ്ഞ് കിടക്കുന്ന റോഡിലൂടെ പോകുന്ന കാറിന്‍റെ മുൻവശത്തെ ചില്ലില്‍ ഒരു യുവാവിനെ കമിഴ്‍ന്നു കിടക്കുന്നതായും കാറിന്‍റെ വിൻഡ്‌ ഷീൽഡുകലില്‍ മറ്റു രണ്ടു പേര്‍ അപകടകരമായി ഇരിക്കുന്നതും  കാണാം. കൂകി വിളിച്ചു കൊണ്ടുള്ള യുവാക്കളുടെ ഈ അഭ്യാസം റോഡിൽ നിന്ന് മറ്റാരോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു.  ഈ വീഡിയോ വൈറലായി. ഇതോടെ നിരവധി പേരാണ് യുവാക്കളെ വിമർശിച്ച് രംഗത്തെത്തുന്നത്. സംഭവം നടന്ന കൃത്യമായ തീയതി വ്യക്തമല്ല. 

മഹാരാഷ്‍ട്ര കല്യാണിലെ ഹിൽ ലൈൻ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മലങ്കഡ് റോഡിൽ നിന്നാണ് ഈ വീഡിയോ എന്നാണ് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ യുവാക്കള്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടിയെന്ന് പൊലീസ് വ്യക്തമാക്കിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്ത് പൊതു റോഡുകളിൽ ഇത്തരം വാഹന സ്റ്റണ്ടിംഗ് നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വർഷം മുംബൈയില്‍ സമാന രീതിയില്‍ അപകടരമായി വണ്ടിയോടിച്ച യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. പല സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ വളരെ സാധാരണമാണെന്നും എന്നാൽ മിക്കപ്പോഴും പൊലീസ് നിസഹായരാണെന്നും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരെങ്കിലും ഒരു വീഡിയോ എടുക്കുകയോ സംഭവം സിസിടിവിയിൽ പതിയുയോ ചെയ്‍താൽ മാത്രമേ പൊലീസ് നടപടിയെടുക്കൂ എന്നുമാണ് ആക്ഷേപം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios