Asianet News MalayalamAsianet News Malayalam

ജോജുവിനു പിന്തുണ, വണ്ടി പാലത്തിന് കുറുകെയിട്ട് റോഡ് ബ്ലോക്കാക്കി യുവാവ്!

ഇപ്പോഴിതാ സംഭവത്തില്‍ ജോജുവിനു (Joju) പിന്തുണ പ്രഖ്യാപിച്ച ഒരു യുവാവിന്റെ ചെയ്‍തിയാണ് ചര്‍ച്ചയാകുന്നത്. 

Youth blocked road with his vehicle for support Joju George
Author
Kochi, First Published Nov 2, 2021, 11:04 PM IST

കൊച്ചി:  ഇനധന വില വര്‍ദ്ധനയ്ക്കെതിരെ കോണ്‍ഗ്രസിന്‍റെ (Congress) വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ്ജിന്‍റെ (Joju George) വാഹനം തകര്‍ത്ത സംഭവം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ ജോജുവിനു (Joju) പിന്തുണ പ്രഖ്യാപിച്ച ഒരു യുവാവിന്റെ ചെയ്‍തിയാണ് ചര്‍ച്ചയാകുന്നത്. 

പാലാരിവട്ടം പാലത്തിൽ വാഹനം കുറുകെയിട്ടായിരുന്നു  യുവാവിന്റെ പ്രതിഷേധം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പാലത്തിന്റെ ഇടപ്പള്ളി ഭാഗത്തേയ്ക്കു പോകുന്ന ട്രാക്കിൽ വടക്കേ അറ്റത്താണ് വാഹനം കുറുകെ ഇട്ടുള്ള പ്രതിഷേധം അരങ്ങേറിയത്.  തൃശൂർ കൈപ്പമംഗലം സ്വദേശിയായ യുവാവായിരുന്നു തന്‍റെ വാഹനം പാലത്തിന് കുറുകേയിട്ടത്. ദേശീയപാതയിൽ മാർഗ തടസമുണ്ടാക്കിയ കോൺഗ്രസ് പ്രവര്‍ത്തകരെ എതിർത്ത ജോജുവിന് ആളുകൾ വേണ്ടത്ര പിന്തുണ നൽകിയില്ല എന്നായിരുന്നു യുവാവിന്റെ പരാതി. 

ഇതോടെ സ്ഥലത്തെത്തിയ പൊലീസ് യുവാവിനേയും വാഹനത്തേയും കസ്റ്റഡിയിൽ എടുത്തു. കോൺഗ്രസുകാരോടുള്ള തന്റെ പ്രതിഷേധത്തിന്റെ ഭാഗമാണെന്നും ജോജുവിനു പിന്തുണ നൽകുന്നെന്നുമായിരുന്നു പൊലീസുകാരുടെ ചോദ്യത്തിന് യുവാവിന്റെ മറുപടി.  മാർഗ തടസം സൃഷ്ടിച്ചതിന് ഇയാളുടെ പേരിൽ കേസെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം സ്റ്റേഷനിൽ എത്തിച്ചെങ്കിലും പിന്നീടു വിട്ടു നൽകി എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങളോട് ഏറെ കമ്പമുള്ള ജോജു അടുത്തിടെ സ്വന്തമാക്കിയ പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ആണ് അക്രമത്തില്‍ തകര്‍ന്നത്. പ്രതിഷേധിച്ച ജോജുവിന്റെ വാഹനം കടന്നുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതിനിടെ വാഹനത്തിന്‍റെ പിന്നിലെ ചില്ല് ചിലര്‍ അടിച്ചു തകര്‍ത്തു. ഒടുവില്‍ സിഐ തന്നെ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്‍ത് ജോജുവിനെ സ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു. നേരെ പനങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്കാണ് വാഹനം മാറ്റിയത്. 

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ അടുത്തിടെ പുറത്തിറക്കിയ പുത്തന്‍ ഡിഫന്‍ഡറിന്റെ ഫൈവ് ഡോര്‍ പതിപ്പായ 110-ന്റെ ഫസ്റ്റ് എഡിഷന്‍ മോഡല്‍ ഈ ഓഗസ്റ്റിലാണ് ജോജു ജോര്‍ജ് സ്വന്തമാക്കിയത്. 83 ലക്ഷം രൂപ മുതൽ 1.12 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറും വില. 

അതേസമയം ജോജു മനപ്പൂർവ്വം പ്രശ്നമുണ്ടാക്കാൻ തന്നെ വന്നതാണെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് പറയുന്നു. ജോജു ലഹരിക്ക് അടിമപ്പെട്ടാണ് പ്രശ്‍നമുണ്ടാക്കിയതെന്ന ആരോപണത്തിൽ ഡിസിസി പ്രസിഡന്‍റ് ഷിയാസ് ഉറച്ച് നിൽക്കുകയാണ്. എന്ത് ലഹരിയാണെന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നാണ് കോൺഗ്രസ് നേതാവിന്റെ നിലപാട്. ഇന്നലെ തന്നെ ജോജു ജോർജ്ജിനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജോജു മദ്യപിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. 

ജനകീയ സമരങ്ങളെ കേസെടുത്ത് തടയാൻ പിണറായി വിജയന് കഴിയില്ലെന്നാണ് എറണാകുളം ഡിസിസി പ്രസിഡന്‍റ് പറയുന്നത്. മോദിയും പിണറായിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ജനാധിപത്യ രീതിയിലുള്ള സമരമാണ് നടത്തിയത്. നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയായിരുന്നു സമരം. അതിനെ ഭീഷണിപ്പെടുത്തി അടിച്ചമർത്താനാവില്ല. 

സിറ്റി പൊലീസ് കമ്മീഷണർക്കെതിരെയും ഷിയാസ് ആരോപണങ്ങളുയ‍‌ർ‌ത്തി. ഏകപക്ഷീയമായ നടപടിയാണ് പൊലീസ് സ്വകരീച്ചത്. ഒരു സ്ത്രീ കൊടുത്ത പരാതിയിൽ കേസെടുത്തില്ല. കലാകാരനായത് കൊണ്ട് ജോജുവിന് ഒരു നീതിയും കോൺഗ്രസുകാർക്ക് ഒരു നീതിയുമെന്നത് നടക്കില്ല. ഒരു നാട്ടിൽ എല്ലാവർക്കും ഒരേ നിയമവും ഒരേ നീതിയുമാണ് ഒരാൾക്കും പ്രത്യേക പ്രിവിലേജില്ല. 

സിറ്റി പൊലീസ് കമ്മീഷണറുമായി വിളിച്ച് സംസാരിച്ചാണ് സമരം നടത്തുന്ന റൂട്ടുകൾ തീരുമാനിച്ചത്. പൊലീസുമായി ധാരണയുണ്ടാക്കിയ ശേഷമാണ് പതിനൊന്ന് മണി മുതൽ സമരം നടന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ സമരത്തിൽ പങ്കെടുത്തു. അതിനിടയിലേക്ക് മനപ്പൂർവ്വം കടന്ന് വന്ന് കുഴപ്പമുണ്ടാക്കുകയാണ് ജോജു ചെയ്തത്. മറ്റ് വഴിയിലൂടെ പോകാൻ ജോജുവിന് കഴിയുമായിരുന്നു. അത് ചെയ്തില്ലെന്ന് ഷിയാസ് പറയുന്നു. 

ജോജു ജോർജ്ജിന്റെ വാഹനം തകർത്തതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കോൺഗ്രസ് നേതാവ് ടോണി ചമ്മിണി ഉൾപ്പടെ ഉള്ള പ്രതികളെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു അറിയിക്കുന്നത്. 

Follow Us:
Download App:
  • android
  • ios