പതിനഞ്ചുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതു തടയാന്‍ കര്‍ശന നടപടികളുമായി ഗതാഗതവകുപ്പ്

ദില്ലി: പതിനഞ്ചുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതു തടയാന്‍ കര്‍ശന നടപടികളുമായി ഗതാഗതവകുപ്പ്. പഴക്കമേറിയ വാഹനങ്ങള്‍ രാജ്യത്തെ നിരത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് ബോധവത്കരണം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇത്തരം വാഹനങ്ങളുള്ളവരുടെ വീടുകളില്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തും. ഡല്‍ഹിയിലാണ് ആദ്യം പദ്ധതി തുടങ്ങുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ജനവാസ കേന്ദ്രങ്ങളിലെത്തി ബോധവത്കരണം നടത്തി, 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന് പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ഡല്‍ഹിയില്‍ ഇതിനകം 15 വര്‍ഷം പഴക്കമുള്ള രണ്ടു ലക്ഷത്തിലേറെ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി ഗതാഗതവകുപ്പ് അറിയിച്ചു. 

ആദ്യഘട്ടത്തില്‍ നഗരസഭകളിലെ പഴയ വാഹനങ്ങള്‍ അന്വേഷിച്ചിറങ്ങാനാണ് തീരുമാനം. സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉള്‍പ്പടെ പിടികൂടും. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായിരിക്കും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കണ്ടെത്തുക. നഗരസഭകളുടെ നിരത്തുകളില്‍ പഴയ വാഹനങ്ങള്‍ കണ്ടാല്‍ പിടിച്ചെടുക്കും. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവയെല്ലാം പിടിച്ചെടുക്കാനാണ് തീരുമാനം.