ദില്ലി: നാല് കാറുകളിലും നാല് ബൈക്കുകളിലും സിനിമാ കഥയെ വെല്ലുന്ന ചെയ്സിങ്ങ്. ഒടുവില്‍ റാഞ്ചികളിൽ നിന്ന് കുട്ടിയെ അതിസാഹസികമായി മോചിപ്പിച്ച് പൊലീസ്. സംഭവത്തില്‍ റാഞ്ചികളിലൊരാള്‍ കൊല്ലപ്പെട്ടങ്കിലും അഞ്ചുവയസുകാരന്‍ ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടു. ദില്ലിയിലാണ് അമ്പരപ്പിക്കുന്ന സംഭവം.
സംഭവം ഇങ്ങനെ. ഒരാഴ്ച മുമ്പ് വിഹാൻ ഗുപ്ത എന്ന അഞ്ചു വയസുകാരനെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയി. ദില്ലിയിലെ ദിൽഷാദ് ഗാർഡനിടുത്ത് സ്കൂൾ ബസിൽ പോകുന്നതിനിടെ തോക്ക് ചൂണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. തുടര്‍ന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം ഫോൺ ചെയ്തു. ഒരു മാളിനടുത്ത് വന്ന് 60 ലക്ഷം രൂപ പണമായി നൽകിയാൽ കുട്ടിയെ വിട്ടു തരാമെന്നായിരുന്നു സംഘത്തിന്‍റെ ആവശ്യം.
കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്‍റെ ചില സി.സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഓപറേഷൻ 'സി റിവർ' എന്ന് പേരിട്ടായിരുന്നു അന്വേഷണം. മോചന ദ്രവ്യം ആവശ്യപ്പെട്ട് ലഭിച്ച ഫോൺ വിളികളിൽ നിന്നും ഷാഹിദാബാദിൽ സംഘം ഉള്ളതായി വിവരം ലഭിച്ചു. നിതിൻ കുമാർ ശർമയെന്നയാളാണ് ഈ സംഘത്തിലെ സൂത്രധാരനെന്ന് പൊലീസ് കണ്ടെത്തി. ഇയാൾ കുട്ടിക്കുള്ള ഭക്ഷണം വാങ്ങാനായി വിവേക് വിഹാറിലേക്ക് വരികയും ശേഷം ഒരു വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ പൊലീസിന് കാര്യങ്ങൾ എളുപ്പമായി. ഇതോടെയാണ് സിനിമാസ്റ്റൈലിലുള്ള വാഹന ചേസിംഗിന് കളമൊരുങ്ങുന്നത്.
ഒരു സ്വിഫ്റ്റ് ഡിസയര്‍ കാറിലായിരുന്നു ശര്‍മ്മയുടെ യാത്ര. 18 പേരടങ്ങുന്ന പൊലീസ് സംഘം നാല് കാറുകളിലും നാല് ബൈക്കുകളിലുമായി ശർമയെ 90 മിനുറ്റോളം പിന്തുടർന്നു. മദ്യപിച്ചതിനാൽ അമിത വേഗതയിൽ കാറോടിച്ച ഇയാൾ പൊലീസ് തന്നെ പിന്തുടരുന്ന കാര്യം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇടയില്‍ ഒരു ട്രാഫിക് സിഗ്നലിൽ വെച്ച് ഇയാളെ കാണാതായി.
പക്ഷേ ബൈക്കില്‍ സഞ്ചരിച്ചിരുന്ന പൊലീസുകാര്‍ ഇയാളുടെ സ്വിഫ്റ്റ് ഡിസയർ കണ്ടെത്തി. പിടിയിലാകുമെന്ന് കണ്ട ശർമ പൊലീസ് വാഹനത്തിന് നേരെ വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചു. പക്ഷേ പൊലീസ് സാഹസികമായി ഇയാളെ പിടികൂടി. തുടര്‍ന്ന് ഷാലിമാറിലെ അഞ്ച് നിലയുള്ള കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ കുട്ടിയുണ്ടെന്നും അവിടെ കാവൽ നിൽക്കുന്നവരുടെ കൈവശം തോക്കുകളുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഉടൻ അവിടേക്ക് കുതിച്ച പൊലീസ് ശർമയെ ഉപയോഗിച്ച് വാതിൽ തുറപ്പിച്ച് കെട്ടിടത്തിനകത്ത് കയറി. എന്നാൽ സംശയം തോന്നിയ സംഘം പൊലീസു നേരെ തോക്കുചൂണ്ടി. ഉടന്‍ ആത്മരക്ഷാർത്ഥം ഡി.സി.പി നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടാമന് കാലിലാണ് വെടിയേറ്റത്. തുടര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്.

Image Courtesy: Hindustan Times
