ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ ഇന്ത്യന്‍ വിപണിയിലിറക്കുന്ന ഇടത്തരം സെഡാന്‍ സണ്ണിയുടെ വില കുത്തനെ കുറച്ചു. 1.96 ലക്ഷം രൂപ മുതല്‍ വന്‍ വിലക്കിഴിവാണ് സണ്ണിക്ക് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സണ്ണിയുടെ ആറ് വകഭേദങ്ങളുടെയും വില കുറച്ചിട്ടുണ്ട്. പെട്രോള്‍ പതിപ്പായ XV CVTക്കാണ് ഏറ്റവും വിലക്കുറവ്. 1.96 ലക്ഷം രൂപയാണ് കുറച്ചത്. പെട്രോള്‍ ബേസ് മോഡല്‍ 6.99 ലക്ഷത്തിനും ഡീസല്‍ ടോപ് വേരിയന്റ് 8.99 ലക്ഷം രൂപയ്ക്കും ലഭ്യമാകും. സി സെഗ്‍മെന്റ് സെഡാന്‍ വിപണിയില്‍ ഹോണ്ട സിറ്റി, മാരുതി സിയാസ് മോഡലുകള്‍ക്ക് വെല്ലുവിളിയായിട്ടാണ് നിസാന്‍ ഇന്ത്യ സണ്ണിയുടെ വില കുറച്ചതെന്നാണ് സൂചന.
മൂന്ന് പെട്രോള്‍ പതിപ്പിലും മൂന്ന് ഡീസല്‍ പതിപ്പിലുമാണ് നിസാന്‍ സണ്ണി ഇന്ത്യന്‍ വിപണിയിലുള്ളത്. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിനുകളാണ് സണ്ണിക്ക് കരുത്തു പകരുന്നത്. പെട്രോള്‍ എഞ്ചിന്‍ 97.6 ബിഎച്ച്പി കരുത്തും 134 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ പതിപ്പ് 85 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും നല്‍കും. അഞ്ച് സ്പീഡ് മാന്വല്‍ ടൈപ്പാണ് ഗീയര്‍ബോക്സ്. പെട്രോളിന് സിവിടി ഓട്ടോമാറ്റിക് വകഭേദവും ലഭ്യമാണ്. ഡീസല്‍ സണ്ണിയ്ക്ക് ലീറ്ററിന് 22.71 കിമീ മൈലേജും പെട്രോളിന് 16.95 കിമീ മൈലേജുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
പെട്രോള്‍ ഓട്ടോമാറ്റിക്കിന് പുറമേ XE പെട്രോളിന് 98300 രൂപയും XL പെട്രോളിന് 87133 രൂപയും കുറച്ചിട്ടുണ്ട്. XE, XL, XV എന്നീ ഡീസല്‍ വകഭേദങ്ങള്‍ക്ക് യഥാക്രമം 1.37 ലക്ഷം, 1.53 ലക്ഷം, 1 ലക്ഷം എന്നിങ്ങനെയാണ് വില കുറച്ചത്. ഇതോടെ കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ മാരുതി ഡിസയര്‍, ഹ്യുണ്ടായി എക്‌സന്റ്, ഫോര്‍ഡ് ഫിഗോ എന്നിവയോട് മികച്ച പോരാട്ടമാവും സണ്ണി നടത്തുക.
സണ്ണിയുടെ പുതുക്കിയ വിലകള്‍ പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ എക്സ്എല്‍ -7.72 ലക്ഷം, എക്സ്‍ഇ -7.11 ലക്ഷം,പെട്രോള്‍ ഓട്ടോമാറ്റിക് എക്സ്‍വി -9.14 ലക്ഷം, ഡീസല്‍ എക്സ്‍ഇ -7.62 ലക്ഷം, എക്സ്എല്‍ -8.13 ലക്ഷം രൂപ, എക്സ്‍വിഡി - 9.14 ലക്ഷം എന്നിങ്ങനെയാണ് വാഹനത്തിന്‍റെ കൊച്ചിയിലെ പുതിയ എക്സ്‍ഷോറൂം വില.
പുതിയ സാന്‍ഡ് സ്റ്റോണ്‍ ബ്രൗണ്‍ നിറത്തില്‍ ക്രോം ഡോര്‍ ഹാന്‍ഡിലുകളും പുതിയ ഫാബ്രിക് സീറ്റുകളും കറുപ്പ് നിറത്തിലുള്ള ഇന്‍റീരിയറുമായി സണ്ണിയുടെ പരിഷ്കകരിച്ച പതിപ്പ് ഈ ജനുവരിയിലാണ് വിപണിയിലെത്തുന്നത്. ഇന്ത്യയില്‍ ഉത്പാദനം കാര്യക്ഷമമാക്കിയതോടെ ഉത്പാദന ചെലവ് കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്.
