ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ സൂപ്പര്‍ ബൈക്ക് ഹയബൂസയുടെ പുത്തന്‍ വകഭേദം ഇന്ത്യന്‍ വിപണിയിലെത്തി. 13.74 ലക്ഷം രൂപയാണ് ബൈക്കിന്‍റെ വിപണി വില.  മെറ്റാലിക് ഓര്‍ട്ട് ഗ്രേയ്, ഗ്ലാസ്സ് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് പുത്തന്‍ ഹയബൂസ എത്തുന്നത്. ബൈക്കിന്‍റെ ബോഡി ഗ്രാഫിക്‌സിലും കാര്യമായ മാറ്റങ്ങളുണ്ട്. പഴയ ബൈക്കില്‍ നിന്ന് വ്യത്യസ്തമായി വശങ്ങളിലെ റിഫ്‌ലക്ടറുകള്‍ വാഹനത്തെ വേറിട്ടതാക്കുന്നു.

ഹയബൂസയിലുള്ള 1,340 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 197 bhp കരുത്തും 155 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. നിലവിലെ ഹയബൂസയ്ക്ക് 2.7 സെക്കന്‍ഡില്‍ 0 മുതല്‍ 100 വേഗത്തില്‍ പായാനാകും. മണിക്കൂറില്‍ 299 കിലോമീറ്ററാണ് പരമാവധി വേഗത.

ഹയബൂസയുടെ രണ്ടാംതലമുറയാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. 1998 ഒക്ടോബറിലാണ് ഹയബൂസയെ സുസുക്കി ആദ്യമായി അവതരിപ്പിക്കുന്നത്. ബൈക്കിന്റെ ഔദ്യോഗിക നാമം സുസുക്കി GSX 1300R എന്നാണ്.  1999 മോഡല്‍ ഹയബൂസകള്‍ക്ക് ഇന്നും വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്.