മേക്കപ്പ്മാന് താര സുന്ദരി സമ്മാനിച്ചത് ജീപ്പ് കോംപസ്
രാജ്യത്തെ വാഹനവിപണിയില്‍ വിപ്ളവം സൃഷ്ടിച്ച വാഹനമാണ് ഐക്കണിക്ക് ബ്രാന്‍ഡായ ജീപ്പിന്‍റെ കോംപസ് എന്ന മോഡല്‍. ഓരോ ദിവസവും കോംപസിനെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കേള്‍ക്കുന്ന പുതിയൊരു വാര്‍ത്ത ഒരു താരസുന്ദരി തന്‍റെ മേക്കപ്പ്മാന് സമ്മാനിച്ച കോംപസിനെക്കുറിച്ചാണ്. ബോളിവുഡ് താര സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് തന്റെ മേക്ക്അപ്പ് ആർട്ടിസ്റ്റിനു അപ്രതീക്ഷിത സമ്മാനം നല്‍കിയത്.
മലയാളിയായ തന്‍റെ മുഖ്യ മേക്കപ്പ്മാനാണ് ജാക്വിലിൻ കോംപസ് സമ്മാനിച്ചത്. നേരത്തെ ജാക്വിലിന്‍ ഫെര്‍ണാണ്ടസും ജീപ്പ് കോംപസ് സ്വന്തമാക്കിയിരുന്നു.
അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ജനപ്രിയവാഹനം ഇന്ത്യയിലെത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്.
2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.
