ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് പുതിയ ജാവ 42 ഓൾ സ്റ്റാർസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 179,942 രൂപ മുതൽ വില ആരംഭിക്കുന്ന ഈ മോഡൽ, കൂടുതൽ മസ്കുലാർ ഡിസൈൻ, മെച്ചപ്പെട്ട ഹാൻഡ്‌ലിംഗ്, 294.72 സിസി എഞ്ചിൻ എന്നിവയുമായാണ് എത്തുന്നത്. റോയൽ എൻഫീൽഡ് ബുള്ളറ്റ് 350, ഹണ്ടർ 350 തുടങ്ങിയ മോഡലുകൾക്ക് വെല്ലുവിളിയായാണ് പുതിയ ജാവ 42 എത്തുന്നത്.
റോയൽ എൻഫീൽഡ് ബുള്ളറ്റ് 350, ഹണ്ടർ 350 തുടങ്ങിയ മോഡലുകൾക്ക് വെല്ലുവിളിയുമായി ജാവയുടെ പുതിയ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ എത്തി. ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് പുതിയ ജാവ 42 ഓൾ സ്റ്റാർസ് ആണ് പുറത്തിറക്കിയത്. 179,942 രൂപ എക്സ്-ഷോറൂം വിലയുള്ള മോട്ടോർസൈക്കിൾ, കമ്പനിയുടെ പുതിയ ഓൾ സ്റ്റാർസ് ശ്രേണിയിലെത്തുന്ന മൂന്നാമത്തെ മോഡലാണ്.
2018ന് ശേഷമുള്ള ഏറ്റവും വലിയ അപ്‌ഗ്രേഡ്
2018ൽ പുറത്തിറങ്ങിയ ജാവ 42ന്റെ ഏറ്റവും വലിയ അപ്‌ഗ്രേഡാണ് പുതിയ മോഡലെന്ന് കമ്പനി പറയുന്നു. ആധുനിക ക്ലാസിക് ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ മസ്‍കുലാർ രൂപമാണ് പുതിയ 42ന് നൽകിയിരിക്കുന്നത്. പുനർരൂപകൽപ്പന ചെയ്ത സൈഡ് പാനലുകൾ, വീതിയേറിയ മുൻ ടയർ, പുതിയ അലോയ് വീലുകൾ, അപ്‌സ്വെപ്റ്റ് ചെയ്ത ട്വിൻ എക്‌സ്‌ഹോസ്റ്റ് മഫ്‌ളർ, വീതിയേറിയ പിൻ ടയർ എന്നിവയാണ് പ്രധാന ഡിസൈൻ മാറ്റങ്ങൾ. പിന്നിൽ 150/70-17 ടയറും പുതുക്കിയ ഫെൻഡറും നൽകിയിട്ടുണ്ട്.
790 എംഎം സീറ്റ്
ജാവയുടെ സിഗ്നേച്ചർ ഫ്ലാറ്റ് ബെഞ്ച് സീറ്റ് ഡിസൈൻ പുതിയ മോഡലിലും തുടരുന്നു. 790 എംഎം സീറ്റ് മികച്ച കുഷ്യനിംഗോടെയാണ് ഒരുക്കിയിരിക്കുന്നത്. ഫ്രെയിം കാഠിന്യം, സ്വിംഗാർം, ഭാരം വിതരണം എന്നിവയിലും മാറ്റങ്ങൾ വരുത്തിയതായി കമ്പനി വ്യക്തമാക്കി. ഇതിലൂടെ ബൈക്കിന്റെ ഹാൻഡ്‌ലിംഗ് മെച്ചപ്പെടുകയും നഗരത്തിലെ തിരക്കേറിയ റോഡുകളിൽ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുകയും ചെയ്യുമെന്ന് ജാവ പറയുന്നു.
294.72 സിസി എൻജിൻ
294.72 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് ഡിഒഎച്ച്സി എൻജിനാണ് ജാവ 42 ഓൾ സ്റ്റാർസിന് കരുത്തേകുന്നത്. 6-സ്പീഡ് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ നൽകിയിട്ടുണ്ട്. ഡ്യുവൽ ചാനൽ എബിഎസ് സ്റ്റാൻഡേർഡായി ലഭിക്കും.
6 നിറങ്ങൾ, വില 1.89 ലക്ഷം വരെ
ജാവ 42 ഓൾ സ്റ്റാർസ് ആറ് നിറങ്ങളിൽ ലഭിക്കും. എക്സ്-ഷോറൂം വില ₹179,942 മുതൽ ₹189,942 വരെയാണ്. ഇന്ത്യയിലുടനീളമുള്ള ജാവ യെസ്ഡി ഡീലർഷിപ്പുകളിൽ ബുക്കിങ് ആരംഭിച്ചു. ഉത്സവ സീസണിന് മുന്നോടിയായി 2026 സെപ്റ്റംബർ 14 മുതൽ ഉപഭോക്തൃ ഡെലിവറികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോയൽ എൻഫീൽഡ് ബുള്ളറ്റ് 350, ഹണ്ടർ 350, ഹോണ്ട സി ബി 350 തുടങ്ങിയ മോഡലുകളാണ് ജാവ 42 ഓൾ സ്റ്റാർസിന്റെ പ്രധാന എതിരാളികൾ.


