മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ എസ്‌യുവി നിരയിൽ സെപ്റ്റംബർ 30 വരെ വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ജനപ്രിയ മോഡലായ സ്കോർപിയോ എൻ-ന് 3 ലക്ഷം രൂപ വരെ ഓഫറുകൾ ലഭിക്കും, ഇതിൽ പണക്കിഴിവ്, ഉപഭോക്തൃ ആനുകൂല്യം, സൗജന്യ ആക്‌സസറികൾ എന്നിവ ഉൾപ്പെടുന്നു. അടുത്തിടെ പുതുക്കിയ സ്കോർപിയോ എൻ മോഡലിന്റെ സവിശേഷതകളും എഞ്ചിൻ വിവരങ്ങളും ലേഖനത്തിൽ വിശദീകരിക്കുന്നു.

ഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ഒരുങ്ങുന്നവർക്ക് മികച്ച അവസരം. മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ എസ്‌യുവി നിരയിൽ വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പണമായി ലഭിക്കുന്ന ഇളവ്, ഉപഭോക്തൃ ആനുകൂല്യം, സൗജന്യ അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഓഫർ. സെപ്റ്റംബർ 30 വരെയാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. നഗരത്തിനും ഡീലർഷിപ്പിനും വാഹനത്തിന്റെ സ്റ്റോക്ക് ലഭ്യതയ്ക്കും അനുസരിച്ച് ഇളവുകളിൽ വ്യത്യാസമുണ്ടാകും. കൃത്യമായ ഓഫർ അറിയാൻ സമീപത്തെ മഹീന്ദ്ര ഡീലർഷിപ്പുമായി ബന്ധപ്പെടണമെന്ന് കമ്പനി അറിയിച്ചു.

സ്കോർപിയോ എൻ സ്വന്തമാക്കാൻ വൻ ഓഫർ

മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയായ സ്കോർപിയോ എൻ മോഡലിനാണ് ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നത്. പഴയ സ്കോർപിയോ എൻ മോഡലിന്റെ തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് 3 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. 1.25 ലക്ഷം രൂപ വരെയുള്ള പണ ഇളവും 1.50 ലക്ഷം രൂപ വരെയുള്ള ഉപഭോക്തൃ ആനുകൂല്യവും 25,000 രൂപ വരെ വിലമതിക്കുന്ന സൗജന്യ അനുബന്ധ ഉപകരണങ്ങളുമാണ് ലഭിക്കുക.

പുതുക്കിയ സ്കോർപിയോ എൻ

അടുത്തിടെ പുതുക്കിയ സ്കോർപിയോ എൻ വിപണിയിലെത്തിയിരുന്നു. രൂപകൽപ്പനയിലും സവിശേഷതകളിലും കാര്യമായ മാറ്റങ്ങളാണ് പുതിയ മോഡലിൽ വരുത്തിയിരിക്കുന്നത്. എന്നാൽ നിലവിലുള്ള എൻജിൻ ഓപ്ഷനുകൾ തുടരുന്നു. 12.3 ഇഞ്ച് വലുപ്പമുള്ള ഫ്രീ-ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീൻ വിനോദ സംവിധാനവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് പ്രധാന പുതിയ സവിശേഷതകൾ. മുൻനിരയിൽ 65 വാട്ട് യുഎസ്ബി ടൈപ്പ്-സി അതിവേഗ ചാർജിങ് പോർട്ട്, പുതുക്കിയ സെന്റർ കൺസോൾ സ്വിച്ച് ഗിയർ, ‘അഡ്വഞ്ചർ സ്റ്റാറ്റിസ്റ്റിക്സ്’ എന്നിവയും ലഭിക്കും. 540 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, പനോരമിക് സൺറൂഫ് എന്നിവയും വാഹനത്തിലുണ്ട്.

പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകൾ

2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുകളാണ് സ്കോർപിയോ എൻ മോഡലിൽ ലഭിക്കുന്നത്. പെട്രോൾ എൻജിൻ മാനുവൽ ഗിയർബോക്സിനൊപ്പം 203 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും നൽകും. ഓട്ടോമാറ്റിക് പതിപ്പിൽ ടോർക്ക് 380 എൻഎം ആയി ഉയരും. ഡീസൽ എൻജിൻ രണ്ട് തരത്തിലുള്ള ട്യൂണിങ്ങിലാണ് ലഭിക്കുക. താഴ്ന്ന വകഭേദങ്ങളിൽ 132 ബിഎച്ച്പിയും 300 എൻഎം ടോർക്കുമാണ് ലഭിക്കുക. ഉയർന്ന വകഭേദങ്ങളിൽ 175 ബിഎച്ച്പിയും മാനുവൽ ഗിയർബോക്സിനൊപ്പം 370 എൻഎം ടോർക്കും ഓട്ടോമാറ്റിക് പതിപ്പിൽ 400 എൻഎം ടോർക്കും ലഭിക്കും.

ഫോർ വീൽ ഡ്രൈവ് സംവിധാനവും

6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളാണ് മഹീന്ദ്ര നൽകുന്നത്. എല്ലാ വകഭേദങ്ങളിലും റിയർ വീൽ ഡ്രൈവ് സംവിധാനമാണ് സാധാരണയായി ലഭിക്കുന്നത്. തിരഞ്ഞെടുത്ത ഡീസൽ വകഭേദങ്ങളിൽ ‘4XPLOR’ ഫോർ വീൽ ഡ്രൈവ് സംവിധാനവും ലഭിക്കും. ഓടിക്കൊണ്ടിരിക്കെ ഡ്രൈവ് മോഡ് മാറ്റാൻ കഴിയുന്ന സംവിധാനവും വിവിധ ടെറൈൻ മോഡുകളും ഇതിലുണ്ട്. ഡീസൽ മോഡലുകളിൽ സിപ്പ്, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളും തുടരും.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.