തിരുവനന്തപുരം : 2019ലെ  അഗസ്ത്യാർകൂടം ട്രെക്കിംഗ് ജനുവരി 14 ന് മുതല്‍ മാർച്ച് 1 വരെ നടക്കും. പ്രവേശത്തിനായുള്ള ബുക്കിംഗ് നാളെ (05-01-19) രാവിലെ 11 മുതൽ ആരംഭിക്കും. 

പ്രവേശന പാസുകൾ ഓൺലൈൻ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ ബുക്ക് ചെയ്യാം.  www .forest .kerala .gov .in അല്ലെങ്കിൽ serviceonline .gov .in എന്ന വെബ്‌സൈറ്റ് വഴി പാസുകള്‍ ബുക്ക് ചെയ്യാം. 14 വയസിന് താഴെയുള്ള കുട്ടികൾ അപേക്ഷിക്കാൻ പാടില്ല. ശാരീരികക്ഷമതയുള്ളവർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. സ്ത്രീകൾക്ക് പ്രത്യേക പരിഗണനയില്ല. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി ഏർപ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം ലഭിക്കും.

ഒരു ദിവസം നൂറുപേർക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ. യാത്രികരുടെ ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും കൊണ്ടുവരണം . ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം. ആയിരം രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ.  അക്ഷയ കേന്ദ്രത്തിൽ ടിക്കറ്റ് ചാർജിന് പുറമേ പേയ്‌മെന്റ് ഗേറ്റ് വേ ചാർജുകൾ ഈടാക്കും. പൂജാദ്രവ്യങ്ങല്‍, പ്ലാസ്റ്റിക്ക്, മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും തുടങ്ങിയവ ഒപ്പം കൊണ്ടു പോകുന്നതിന് കര്‍ശന നിരോധനമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471- 2360762