മഹീന്ദ്രയുടെ കോംപാക്ട് എസ് യു വി മോഡലായ ടിയുവി-300 സ്വന്തമാക്കി ആന്ധ്രപ്രദേശിന്റെ പോലീസ്. 242 ഓളം വാഹനങ്ങളാണ് സേനയുടെ ഭാഗമായത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പുത്തന്‍ വാഹനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. പോലീസ് ബീക്കണ്‍ ലൈറ്റുകളും ആന്ധ്രപ്രദേശ് പോലീസ് ലോഗോയും പതിച്ചാണ് 242 വാഹനങ്ങളും പൊലീസായത്. മുഖ്യമായും പട്രോളിങ് ഡ്യൂട്ടിക്കായാണ് ടിയുവി 300 നെ പൊലീസ് ഉപയോഗിക്കുക. 

മഹീന്ദ്രയുടെ എംഹോക് എന്‍ജിനാണ് ടിയുവി 300ന്‍റെ ഹൃദയം. 1493 സിസി ഓയില്‍ ബര്‍ണര്‍ എന്‍ജിന്‍ 100 എച്ച്പി പവറും 240 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്ന ഈ വാഹനം ഓഫ് റോഡുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കും. വാഹനത്തിന്റെ മികച്ച പ്രകടനവും ഇന്‍റീരിയറിലെ സ്ഥലസൗകര്യങ്ങളുമാണ് പോലീസ് സേനയിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് വിലയിരുത്തലുകള്‍.

ആന്ധ്രയ്ക്ക് പുറമെ, കേരളം, മുംബൈ, രാജസ്ഥാന്‍, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലും മഹീന്ദ്രയുടെ ടിയുവി 300 പോലീസ് വാഹനമായി ഉപയോഗിക്കുന്നുണ്ട്.   TUV 300-ന്‍റെ പുതിയ പതിപ്പ് ടിയുവി 300 പ്ലസ് ഈ വര്‍ഷം വിപണിയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.