പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോയ പട്ടാള സംഘം ഗതാഗതക്കുരുക്കിൽ കുടുങ്ങി
തിരുവനന്തപുരം: പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോയ പട്ടാള സംഘം ഗതാഗതക്കുരുക്കിൽ കുടുങ്ങി. തിരുവനന്തപുരത്ത് നിന്നു റോഡ് മാർഗം ആലപ്പുഴ ഭാഗത്തേക്കു പോയ സംഘമാണ് കുടുങ്ങിയത്. തുടർന്നു പട്ടാളക്കാർ തന്നെ നേരിട്ട് രംഗത്തിറങ്ങി ഗതാഗതം നിയന്ത്രിച്ചു വാഹനങ്ങൾ സ്വയം കടത്തിവിടുകയായിരുന്നു.
കഴിഞ്ഞ ദിവസം ആറ്റിങ്ങലിലാണ് സംഭവം. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്നും പത്തോളം ട്രക്കുകളിലായി പോകുകയായിരുന്നു സൈനികർ. ശനിയാഴ്‍ച വൈകുന്നേരം മൂന്നരയോടെ ആറ്റിങ്ങള്‍ കിഴക്കേനാലുമുക്കിലെത്തിയപ്പോഴാണു പട്ടാളത്തിന്റെ വാഹനങ്ങൾ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിയത്.
റോഡില്‍ പലയിടത്തും പൊലീസുകാർ ഉണ്ടായിരുന്നെങ്കിലും വാഹനത്തിരക്ക് നിയന്ത്രിച്ചു പട്ടാളവാഹനങ്ങൾ കടത്തിവിടാൻ അവർക്കു കഴിയാതെ വന്നു. യാത്ര ഉപേക്ഷിക്കേണ്ടിവരുമെന്ന ഘട്ടം വന്നതോടെ സൈനികർ വാഹനത്തിൽ നിന്നിറങ്ങി ഗതാഗതനിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
