ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ടപ്പ് കമ്പനിയായ ആതര്‍ എനര്‍ജി 450X എന്ന പുതിയ മോഡലിനെ അവതരിപ്പിച്ചു. മെച്ചപ്പെട്ട പ്രകടനം, മികച്ച കണക്റ്റിവിറ്റി സവിശേഷതകൾ, കൂടാതെ കൂടുതൽ ഇന്റലിജന്റ് ഫംഗ്ഷണാലിറ്റികൾ എന്നിവയും പുതിയ ആതർ 450X വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലുടനീളം ലഭ്യമാവുന്ന ലിമിറ്റഡ് എഡിഷൻ മോഡലായിരിക്കും പുതിയ ആതർ 450X.

ബെംഗളൂരു, ചെന്നൈ, പുണെ, ദില്ലി, മുബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും എഥര്‍ 450X വാങ്ങാം. 99,000 രൂപയാണ് 450X-ന് ബെംഗളൂരുവിൽ വില. ആതര്‍ 450-യെക്കാൾ വില കുറവാണ് 450X-ന്.  1,24,750 രൂപയാണ് ആതര്‍ 450ന്‍റെ വില. പക്ഷെ പ്രൊ, പ്ലസ് എന്നിങ്ങനെ രണ്ടു മാസ സബ്സ്ക്രിപ്ഷൻ പാക്കുകളായാണ് ആതര്‍ 450X വാങ്ങാൻ സാധിക്കുക. പ്രൊ പാക്കിന് 1,699 രൂപയും, പ്ലസ് പായ്ക്കിന് 1,999 രൂപയും ആണ് പ്രതിമാസ സബ്സ്ക്രിപ്ഷൻ തുക.

എഥര്‍ 450-യിൽ 2.4 kWh ലിഥിയം അയണ്‍ ബാറ്ററി ആണെങ്കിൽ 450X-ൽ കൂടുതൽ മികച്ച 2.9 kWh ലിഥിയം അയണ്‍ ബാറ്ററിയാണ്. എഥര്‍ 450-യിലെ ഇലക്ട്രിക്ക് മോട്ടോർ തന്നെയാണ് 450X-യിലും. പക്ഷെ ഔട്ട്‍പുട്ടിൽ വ്യത്യാസമുണ്ട്. എഥര്‍ 450-യിൽ 5.4kW പവറും 20.5 എൻഎം ടോർക്കും നിർമിക്കുമ്പോൾ, 450X-യിൽ കൂടുതൽ മികവുള്ള 6.0kW പവറും 26 എൻഎം ടോർക്കും ആണ് ഔട്പുട്ട്. കപ്പാസിറ്റി കൂടിയ ബാറ്ററി 450X-യുടെ റേഞ്ചും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇക്കോ മോഡലിൽ 450-യുടെ റേഞ്ച് 75 കിലോമീറ്റർ ആണെങ്കിൽ 450X-ന് 85 കിലോമീറ്റർ ആണ് പരമാവധി റേഞ്ച്.

ആതര്‍ 450X-യുടെ ഭാരം 450-യെക്കാൾ കുറവാണ്. 450-യ്ക്ക് 118 കിലോഗ്രാം ഭാരമുള്ളപ്പോൾ 450Xന് 108 കിലോഗ്രാം മാത്രമേ ഭാരമുള്ളൂ. അതായത് 10 കിലോഗ്രാം ഭാരം കുറഞ്ഞു. ഇക്കോ, റൈഡ്, സ്പോർട്ട് എന്നിങ്ങനെ 450-യിലുള്ള റൈഡിങ് മോഡുകൾക്കു പുറമെ വാർപ് മോഡ് എന്നൊരു പുതിയ റൈഡിങ് മോഡും 450X-യിൽ ഉൾപെടുത്തിയിട്ടുണ്ട്. 

പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമിറ്റർ വേഗതയാര്‍ജ്ജിക്കാൻ ആതര്‍ 450-യ്ക്ക് 8.27 സെക്കന്റ് വേണം. എന്നാല്‍ 450-ന് 6.50 സെക്കന്റുകള്‍ മാത്രം മതി. ഇതുവരെ വെളുപ്പ് നിറത്തിൽ മാത്രം ലഭ്യമായിരുന്ന കമ്പനിയുടെ ഇലക്ട്രിക്ക് സ്കൂട്ടർ, 450X-ന്റെ വരവോടെ ഇനി വെളുപ്പ്, പച്ച, ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ കൂടി ലഭിക്കും.

ആതര്‍ 450-യുടെ പ്രധാനാ ആകർഷണങ്ങൾ ആയ 7.0-ഇഞ്ച് കാപ്പാസിറ്റിവ് ടച്ച്സ്ക്രീൻ, അഡാപ്റ്റീവ് എൽഇഡി ഹെഡ്‍ലൈറ്റ്, ജിപിഎസ് നാവിഗേഷൻ, ഓവർ-ദി-എയർ അപ്ഡേറ്റുകൾ, ചാർജിങ് സ്റ്റേഷൻ ലൊക്കേഷൻ ട്രാക്കിംഗ്, കസ്റ്റം യൂസർ ഇൻ്റർഫേസ്, ഡയഗണോസ്റ്റിക് അലെർട്സ്, പാർക്കിംഗ് അസിസ്റ്റ് ഫങ്‌ഷൻ എന്നിങ്ങനെയുള്ള ഫീച്ചറുകൾ 450X-ലും മാറ്റമില്ലാതെ തുടരുന്നു. അതെ സമയം ലിനക്സ് ഓപ്പറേറ്റിംഗ് സിറ്റത്തിൽ നിന്ന് ആൻഡ്രോയിഡ് സോഫ്ട്‍വെയറിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതാണ് സ്‍കൂട്ടറിന്റെ സാങ്കേതിക വിഭാഗത്തിലെ ഒരു മാറ്റം.

നിലവില്‍ ആതര്‍ 340, ആതര്‍ 450 ഇ സ്‌കൂട്ടറുകളാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്. വിപണിയില്‍ ആവശ്യകത വളരെ കുറഞ്ഞത് കാരണം ആതറിന്‍റെ അടിസ്ഥാന മോഡലായ ആതര്‍ 340ന്റെ നിര്‍മ്മാണം കമ്പനി അടുത്തിടെ അവസാനിപ്പിച്ചിരുന്നു. 2018 ജൂണിലാണ് ആതര്‍ 340 വിപണിയിലെത്തുന്നത്.

പ്രീമിയം മോഡലായ ആതര്‍ 450 ഇ സ്‌കൂട്ടറിനോടാണ് വിപണിക്ക് പ്രിയമെന്നും 99 ശതമാനം പേരും ഈ മുന്തിയ വകഭേദം തേടിയെത്തുന്നവരാണെന്നുമാണ് കമ്പനി പറയുന്നത്. നിലവില്‍ ആതര്‍ 450 ഇലക്ട്രിക് സ്‌കൂട്ടര്‍ മാത്രമാണ് കമ്പനി വിറ്റിരുന്നത്. ആതര്‍ 450 സ്‌കൂട്ടറിന് ചെന്നൈയില്‍ 1.22 ലക്ഷം രൂപയും ബെംഗളൂരുവില്‍ 1.14 ലക്ഷം രൂപയുമാണ് വില.

തമിഴ്‌നാട്ടിലെ ഹൊസൂരില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ആതര്‍ എനര്‍ജിയും തമിഴ്‌നാട് സര്‍ക്കാരും അടുത്തിടെ ഒപ്പുവെച്ചിരുന്നു. നാല് ലക്ഷം ചതുരശ്ര അടി വിസ്‍തീര്‍ണമുള്ളതായിരിക്കും ഈ പ്ലാന്റ്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ കൂടാതെ ആതറിന്റെ ലിഥിയം അയണ്‍ ബാറ്ററിയും ഇവിടെ നിര്‍മിക്കും. ലിഥിയം അയണ്‍ ബാറ്ററി ഉല്‍പ്പാദനത്തില്‍ ആതര്‍ എനര്‍ജി പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹീറോ മോട്ടോകോര്‍പ്പും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ആതര്‍ എനര്‍ജി.  നിലവില്‍ ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ മാത്രമാണ് ആതര്‍ എനര്‍ജി സാന്നിധ്യമറിയിച്ചിരിക്കുന്നത്. ബെംഗളൂരു പ്ലാന്റിൽ ഇനി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ മുപ്പത് നഗരങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയത്തില്‍ വലിയ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിക്ഷേപം നടത്താന്‍ ആതര്‍ എനര്‍ജി തീരുമാനിച്ചതിന് ഇതൊക്കെക്കൊണ്ടാണ്.

പുതിയ പ്ലാന്റും നിക്ഷേപവും വരുന്നതോടെ ഹൊസൂര്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നാലായിരത്തിലധികം ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പുതിയ പ്ലാന്റിന് നിക്ഷേപം എത്രയെന്ന് ആതര്‍ എനര്‍ജി വെളിപ്പെടുത്തിയില്ല. എന്നാല്‍ ഹൊസൂര്‍ പ്ലാന്റില്‍ 600 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.