ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡിയുടെ പുതിയ പരസ‍്യം വിവാദത്തില്‍. സ്ത്രീകളെ അപമാനിക്കുന്നുവെന്നാണ് പരസ്യത്തിനെതിരെയുള്ള ആക്ഷേപം. ഇതേതുടര്‍ന്ന് പരസ്യം കമ്പിനി പിന്‍വലിച്ചു. കമ്പനിയുടെ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളെപ്പറ്റിയുള്ള പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്.

വിവാഹിതരാവാന്‍ അള്‍ത്താരയില്‍ നില്‍ക്കുന്ന വധൂവരന്മാരെയാണ് പരസ്യത്തിന്‍റെ ആദ്യഭാഗത്ത്. പെട്ടന്ന് വരന്‍റെ അമ്മ വേദിയിലേക്ക് വന്ന് വധുവിന്‍റെ ശരീര ഭാഗങ്ങള്‍ പരിശോധിക്കുന്നു. മൂക്കില്‍ പിടിച്ച് വലിക്കുന്നു. പല്ലുകള്‍ നോക്കുന്നു. ഒടുവില്‍ ഗംഭീരമെന്ന് മുദ്രയും കാണിക്കുന്നു. തുടര്‍ന്ന് സന്തോഷത്തോടെ തിരിച്ചു പോകുന്ന അമ്മ തൃപ്തിയല്ലാത്ത ഭാവത്തില്‍ ഒന്നുകൂടി നോക്കുന്നു. പ്രധാനപ്പെട്ട തീരുമാനം ശ്രദ്ധയോടെ എടുക്കണമെന്ന വാക്കുകള്‍ അപ്പോള്‍ സ്ക്രീനില്‍ തെളിയുന്നു.

പരസ‍്യം വൈറലായതോടെ പ്രേക്ഷകരുടെ ഇടയില്‍ നിന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സ്ത്രീകളെ സെക്കന്‍റ് ഹാന്‍ഡ് വാഹനങ്ങളോട് ഉപമിച്ചെന്നാണ് ഉയരുന്ന പരാതികള്‍. ഔഡിയുടെ സെക്കന്‍റ് ഹാന്‍റ് വാഹനങ്ങളുടെ വിപണനം ജൂണില്‍ കുറഞ്ഞിരുന്നു. ഈ പരസ്യം വിപണനത്തെ ബാധിക്കുമോയെന്ന് കണ്ടറിയണം.