വഴിയില്‍ തടഞ്ഞുള്ള വാഹന പരിശോധന ഇനിയില്ല!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Jan 2019, 4:28 PM IST
Automatic-number-plate-recognition-system
Highlights

വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള പൊലീസിന്‍റെയും മോട്ടോര്‍ വാഹന വകുപ്പിന്‍റെയും പരിശോധന ഇനിമുതല്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സംവിധാനമുള്ള ക്യാമറകളാണ് ഇനിമുതല്‍ ഈ ജോലി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. 

തിരുവനന്തപുരം: വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള പൊലീസിന്‍റെയും മോട്ടോര്‍ വാഹന വകുപ്പിന്‍റെയും പരിശോധന ഇനിമുതല്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സംവിധാനമുള്ള ക്യാമറകളാണ് ഇനിമുതല്‍ ഈ ജോലി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി 17 ഇന്റര്‍സെപ്റ്റര്‍ വണ്ടികള്‍ മോട്ടോര്‍ വാഹനവകുപ്പ് നിരത്തിലിറക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

എത്ര വേഗത്തിലൂടെയും റോഡിലൂടെ  പോകുന്ന വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റ് ക്യാമറയിലൂടെ ഒപ്പിയെടുത്ത് വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കുന്ന കമ്പ്യൂട്ടര്‍ സംവിധാനമാണിത്. നിലവിലുള്ള ഇന്‍റര്‍ സെപ്റ്റര്‍ സംവിധാനത്തിനൊപ്പമാണ് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

വ്യാജരേഖകളുള്ള വാഹനവും മോഷ്ടിച്ചതും കാലഹരണപ്പെട്ടതുമായ വാഹനങ്ങളൊക്കെ തടഞ്ഞുനിര്‍ത്താതെ തിരിച്ചറിയാനാകുമെന്നതാണ് ഈ സംവിധാനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കള്ളക്കടത്തും തട്ടിക്കൊണ്ടുപോകലുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വാഹനത്തിന്റെ നമ്പര്‍ കിട്ടിയാല്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാതെ കണ്ടെത്താനാകും. 

മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനഡേറ്റാ ബേസ് അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. വാഹനത്തിന്റെ പഴക്കം, ഇന്‍ഷുറന്‍സ്, അപകടമുണ്ടാക്കിയതാണോ, കേസില്‍പ്പെട്ടതാണോ തുടങ്ങി വാഹനം സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ സംവിധാനത്തിലൂടെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏതെങ്കിലും വാഹനത്തിന്റെ നമ്പര്‍ പ്രത്യേകമായി രേഖപ്പെടുത്തിയാല്‍ ആ വഴി ആ വാഹനം കടന്നുപോയാല്‍ ഉടനടി വിവരങ്ങള്‍ കൈമാറാനും ഈ സംവിധാനത്തിനു കഴിയും. ഇതിനായുള്ള ടെന്‍ഡര്‍  നടപടികള്‍ പൂര്‍ത്തിയായെന്നും ഒരുമാസത്തിനുള്ളില്‍ സംവിധാനം നിലവില്‍ വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 

loader