Asianet News MalayalamAsianet News Malayalam

പിഞ്ചുകുഞ്ഞിനെ കാറിലടച്ച് രക്ഷിതാക്കള്‍ ഷോപ്പിംഗിന് പോയി; പിന്നെ സംഭവിച്ചത്

രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിലടച്ച് രക്ഷിതാക്കള്‍ ഷോപ്പിംഗിന് പോയി

Baby taken in car
Author
Trivandrum, First Published Jul 31, 2018, 7:17 AM IST

രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിലടച്ച് രക്ഷിതാക്കള്‍ ഷോപ്പിംഗിന് പോയി. കാറിനകത്ത് വിയര്‍പ്പില്‍ മുങ്ങിയ കുഞ്ഞിനെ ഷോപ്പിംഗിനെത്തിയ മറ്റൊരു സ്ത്രീ കണ്ടതിനാല്‍ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബ്രിട്ടനിലെ ബര്‍മിംഗ്ഹാം ബാര്‍ണസ് ഹില്ലിലെ ആസ്ദയ്ക്ക് മുമ്പിലാണ് സംഭവം. 

ചില്ല് പോലും തുറക്കാതെയാണ് കുഞ്ഞിനെ രക്ഷിതാക്കള്‍ കാറില്‍ കിടത്തിയിട്ട് പോയത്. വിര്‍പ്പില്‍ കുതിര്‍ന്ന കുഞ്ഞിനെ കണ്ടവര്‍ സെക്യൂരിറ്റി ഗാര്‍ഡിനെ വിവരമറിയിച്ചു. എന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് കാര്‍ കുത്തിത്തുറക്കാന്‍ സുരക്ഷാ ഗാര്‍ഡ് വിസമ്മതിച്ചു. ഇതോടെ ഒരാള്‍ കാറിന്റെ പൂട്ട് കുത്തിത്തുറന്ന് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ വാഷിംഗ് മെഷീനില്‍ ഇട്ടത് പോലെയായിരുവെന്നാണ് രക്ഷിച്ചവര്‍ പറയുന്നത്.

സൂപ്പര്‍മാര്‍ക്കറ്റില്‍ പലവട്ടം ഇതേക്കുറിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയെങ്കിലും കുട്ടിയുടെ അമ്മ 50 മിനിറ്റിന് ശേഷമാണ് തിരിച്ചെത്തുന്നത്. രക്ഷിതാക്കളെ ചോദ്യംചെയ്തതായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് വ്യക്തമാക്കി.

കുഞ്ഞുങ്ങളെ വാഹനത്തില്‍ തനിച്ചാക്കി ഒരിക്കലും പോകരുത്; കാരണങ്ങള്‍

കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോള്‍ മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകാന്‍ അധികം സമയം വേണ്ടെന്നു ചുരുക്കം. ചൂടുമൂലമുണ്ടാകുന്ന സ്ട്രോക്ക് തലച്ചോറിനെ തകരാറിലാക്കിയാണ് ഇത്തരം ശിശുമരണങ്ങളിലധികവും സംഭവിക്കുന്നത്.

മാത്രമല്ല വാഹനത്തിനകത്ത് കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുമ്പോൾ, അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആയാലുള്ള അപകട സാധ്യതയുമുണ്ട്. ഇത് വന്‍ദുരന്തത്തിന് ഇടയാക്കും. അപ്പോള്‍ അബദ്ധത്തില്‍ വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പുറത്തു പോകുന്ന രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞിന്‍റെ വിലപ്പെട്ട ജീവനൊപ്പം അനേകരുടെ ജീവനും കൂടിയാവും നിങ്ങള്‍ അപകടത്തിലാക്കുന്നത്.

Follow Us:
Download App:
  • android
  • ios