Asianet News MalayalamAsianet News Malayalam

ഇനി കളിമാറും, ബജാജും ട്രയംഫും കൈകോര്‍ക്കുന്നു

രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോയും ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനം. 

Bajaj And Triumph Alliance
Author
Mumbai, First Published Jan 26, 2020, 10:18 AM IST

രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോയും ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഇരുകമ്പനികളും ഔദ്യോഗികമായി സഖ്യം പ്രഖ്യാപിച്ചു. സഖ്യത്തില്‍ പിറക്കുന്ന ബൈക്കുകള്‍ 2022 ല്‍ വിപണിയിലെത്തും. 

അതേസമയം സഖ്യത്തില്‍നിന്ന് ഏത് തരത്തിലുള്ള ബൈക്കുകളായിരിക്കും വിപണിയിലെത്തുന്നത് എന്ന കാര്യത്തില്‍ ബജാജ് പ്രതികരിച്ചില്ല. കെടിഎം ഡ്യൂക്ക് മോഡലുകളെ വെല്ലുവിളിക്കുന്നതിന് സ്‌പോര്‍ട്ട് നേക്കഡ് ബൈക്കുകളും റോയല്‍ എന്‍ഫീല്‍ഡ്, ജാവ കമ്പനികള്‍ക്ക് ഭീഷണി ഉയര്‍ത്തി റെട്രോ ക്രൂസറുകളും പുറത്തിറക്കിയേക്കും. കുറഞ്ഞ എന്‍ജിന്‍ ശേഷിയില്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളുടെ നിര്‍മ്മാണത്തിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബജാജ് നിര്‍മിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ട്രയംഫ് ബാഡ്‍ജിലായിരിക്കും വില്‍ക്കുന്നത്. സഖ്യത്തിലെ എല്ലാ ബൈക്കുകളും ബജാജിന്റെ മഹാരാഷ്ട്രയിലെ ചാകണ്‍ പ്ലാന്റില്‍ നിര്‍മിക്കും. ട്രയംഫിന്റെ ‘പൈതൃക’ നാമങ്ങളായിരിക്കും ബൈക്കുകള്‍ക്ക് നല്‍കുന്നത്. സഖ്യ ബൈക്കുകള്‍ റെട്രോ ക്രൂസറുകള്‍ ആയിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

രൂപകല്‍പ്പന, നിര്‍മാണം എന്നീ കാര്യങ്ങളില്‍ രണ്ട് ബ്രാന്‍ഡുകളും സഹകരിക്കും. ആഗോള വിപണികളില്‍ വില്‍ക്കുന്നതിനും ബജാജ് തന്നെയായിരിക്കും സഖ്യ ബൈക്കുകള്‍ നിര്‍മിക്കുന്നത്. 

സഖ്യത്തില്‍നിന്ന് പുറത്തുവരുന്ന എന്‍ട്രി ലെവല്‍ ബൈക്കിന് രണ്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കും വില തുടങ്ങുന്നതെന്ന് ഇരു ബ്രാന്‍ഡുകളും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 200 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും മിക്കവാറും ഈ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. 200 സിസി മുതല്‍ 750 സിസി വരെയുള്ള നിരവധി മോഡലുകള്‍ വികസിപ്പിക്കുകയാണ് ഇരു കമ്പനികളുടെയും പദ്ധതി.

ഇന്ത്യയിലും മറ്റുചില വിപണികളിലും എല്ലാ ശേഷികളിലുമുള്ള ട്രയംഫ് ബൈക്കുകള്‍ ബജാജ് വിതരണം ചെയ്യുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ പോള്‍ സ്‌ട്രോഡ് പറഞ്ഞു. അതേസമയം, ബജാജുമായി നിര്‍മിക്കുന്ന പുതിയ മോഡലുകള്‍ ആഗോള വിപണികളില്‍ വില്‍ക്കുന്നത് ട്രയംഫ് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ രാജ്യമാകെ 16 ട്രയംഫ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രയംഫ് ടൈഗര്‍ ട്രെയ്‌നിംഗ് അക്കാഡമി, കാലിഫോര്‍ണിയ സൂപ്പര്‍ബൈക്ക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കായി പരിശീലനവും നൽകുന്നുണ്ട്. അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായ ടൈഗർ 900-ന്റെ പരിഷ്ക്കരിച്ച മോഡലിനെയും റോക്കറ്റ് 3 ആര്‍ മോഡലിനെയും ട്രയംഫ് അടുത്തിടെയാണ്  ഇന്ത്യയില്‍ അവതരിപ്പിച്ചത്. 

ട്രയംഫ് ഇന്ത്യയിലെത്തിയിട്ട് ആറ് വര്‍ഷം തികഞ്ഞത് അടുത്തിടെയാണ്. 2013 ലാണ് ഇന്ത്യയിലെ ആദ്യ മോഡല്‍ ട്രയംഫ് അവതരിപ്പിച്ചത്. ഇന്ത്യയിലെ 400 പട്ടണങ്ങളില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന് ഉപയോക്താക്കളുണ്ട്.

Follow Us:
Download App:
  • android
  • ios