കടുത്ത പ്രളയക്കെടുതിയിൽ മുങ്ങിത്താണ കേരളത്തിന് രണ്ടു കോടി രൂപയുടെ സഹായവാഗ്ദാനവുമായി രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ബജാജ് ഓട്ടോ ലിമിറ്റഡ്. ഇതിൽ ഒരു കോടി രൂപ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനും അവശേഷിക്കുന്ന തുക ജാൻകിദേവി ബജാജ് ഗ്രാം വികാസ് സൻസ്ഥ(ജെ ബി ജി വി എസ്) മുഖേന ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യാനുമാണ് കമ്പനിയുടെ തീരുമാനം.

ബജാജ് ഓട്ടോയുടെ സാമൂഹിക സേവന പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച സംരംഭമാണ് ജെ ബി ജി വി എസ്. ബജാജിനു കീഴിലുള്ള വിവിധ ട്രസ്റ്റുകൾ നേരത്തെ തന്നെ 50 ലക്ഷത്തോളം രൂപ കേരളത്തിനു സംഭാവന ചെയ്തിരുന്നു. ഇതിനു പുറമെയാണു ബജാജ് ഓട്ടോ കേരളത്തിനു സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ സഹായിക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങളുമാവും സൻസ്ഥ ഈ കിറ്റുകൾ വഴി ലഭ്യമാക്കുക. ഒരു കോടി രൂപ ചെലവിൽ 1,000 കുടുംബങ്ങൾക്കെങ്കിലും അത്യാവശ്യ സാധനസാമഗ്രികൾ വിതരണം ചെയ്യാനാണു ബജാജ് ഓട്ടോ ലക്ഷ്യമിടുന്നത്. വാട്ടർ ഫിൽറ്റർ, ടാർപോളിൻ ഷീറ്റ്, അടുക്കളയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ, പ്ലാസ്റ്റിക് പായ, ബ്ലാങ്കറ്റ്, ടവൽ തുടങ്ങിയവയൊക്കെയാണ് കിറ്റിൽ ഉൾപ്പെടുത്തുക. ബജാജ് ഓട്ടോയുടെ വാണിജ്യ വാഹന ഡീലർഷിപ്പുകളും സർക്കാർ ഇതര സംഘടനകളുടെയും സഹകരണത്തോടെയാവും കിറ്റുകൾ വിതരണം ചെയ്യുക. 

നേരത്തെ മെഴ്സഡീസ് ബെൻസ്, നിസാന്‍, ടാറ്റാ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗണ്‍,  ബിഎം‍ഡബ്ല്യു തുടങ്ങിയവര്‍ തങ്ങളുടെ ഉപഭോക്താക്കൾക്ക് സർവീസ് സപ്പോർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ടിവിഎസ് മോട്ടോഴ്സും ഹ്യുണ്ടായിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ വീതവും മെഴ്സഡീസ് ബെൻസ് 30 ലക്ഷവും സംഭാവന നല്‍കിയിരുന്നു.