കണ്ണൂര്‍: വാഹനങ്ങളില്‍ അപകടത്തിന്‍റെ തീവ്രത ഉണ്ടാക്കുന്ന തരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍, ബാറുകള്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മോട്ടോര്‍ വാഹന വകുപ്പാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് ക്രാഷ് ഗാര്‍ഡുകള്‍, ബാറുകള്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, കമ്പനി നല്‍കുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്കോ പാര്‍ട്ട്സുകള്‍ക്കോ യാതൊരു നിയന്ത്രണങ്ങളുമില്ല. ബുള്ളറ്റുകളിലും മറ്റും കമ്പനിയുടെ ഡിസൈനില്‍ അല്ലാത്ത ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ക്രാഷ് ഗാര്‍ഡുകളാണ് നിയമം മൂലം നിരോധിക്കുന്നത്. വാഹനത്തില്‍നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ മനുഷ്യ ജീവന് പോലും ഹാനിയുണ്ടാക്കിയിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.
പുതിയ ഇരുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷന് ഹെല്‍മെറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, ഹാന്‍ഡ് ഗ്രിപ്പ് ഇവ മതിയാവും. ഇവ പൂര്‍ണമായും സൗജന്യമായി ലഭിക്കുന്നതുമാണ്. മറ്റുള്ളവ പിടിപ്പിക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമായി പരിഗണിക്കും. നാലുചക്രവാഹനങ്ങളിലും ക്രാഷ്ഗാര്‍ഡുകള്‍, ലൈറ്റുകള്‍ മുതലായവ പിടിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. എക്‌സ്ട്രാ ലൈറ്റുകള്‍ പിടിപ്പിക്കുന്നതിനും മറ്റും ഇവ ഉപയോഗിക്കുന്നുണ്ട്. ഇതിനാണ് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. വാഹനപരിശോധനാ സമയത്തും ഇവ പിടിപ്പിച്ചിരിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്ന് ആര്‍.ടി.ഒ അറിയിച്ചു.
