കഴിഞ്ഞ രണ്ട് വര്‍ഷമായി വര്‍ഷവസാനവും ക്രിസ്തുമസും കൂടി വരുന്ന ഡിസംബറില്‍ കമ്പനികള്‍ ആനൂകൂല്യങ്ങള്‍ നല്‍കാറുണ്ട്. ഇത്തവണ നോട്ട് അസാധുവാക്കലില്‍ തിരിച്ചടി നേരിട്ടതോടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാണ് കമ്പനികളുടെ തീരുമാനം. സാധാരണ നല്‍കുന്നതിനേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഈ മാസം പ്രതീക്ഷിക്കാം. വിപണിയില്‍ വില്‍പ്പന തിരിച്ചടി ഏറ്റവും ബാധിച്ചിരിക്കുന്ന ഡീസല്‍ മോഡലുകളെയാവും വലിയ ആനുകൂല്യങ്ങള്‍ തേടിയെത്തുക.

മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലുകളായ അള്‍ട്ടോ 800, അള്‍ട്ടോ കെ10, സെലേറിയോ, വാഗണ്‍ ആര്‍ എന്നീ മോഡലുകള്‍ക്ക് 50,000-60,000 രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. ടൊയോട്ട 100 ശതമാനം ഓണ്‍റോഡ് ഫിനാന്‍സിംഗുമായി മുന്നോട്ടു വന്നിരിക്കുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2.5 ലക്ഷം രൂപയുടെ ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെനോ, ഫോക്‌സ്‌വാഗണ്‍, ഹ്യൂണ്ടായ്, ഹോണ്ട തുടങ്ങിയ നിര്‍മ്മാതാക്കളും പുതിയ ഓഫറുകള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും.

പലരും പതിവ് ഓഫറുകളുമായി വിപണിയിലെത്തുമ്പോഴും നിശ്ബ്ദത പാലിക്കുകയാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ പതിവ്. വലിയ ഓഫറുകളൊന്നും മുന്നോട്ട് വയ്ക്കുന്ന ചരിത്രമില്ല മഹീന്ദ്രക്ക്. എന്നാല്‍ ഇത്തവണ എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു മഹീന്ദ്ര. ഓരോ മോഡലിനും 2.71 ലക്ഷം വരെയുള്ള ഓഫറുകളാണ് മഹീന്ദ്ര ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നത്. വേരിയന്റുകൾക്ക് അനുസൃതമായി സ്‌കോർപ്പിയോയ്ക്ക് 50,000രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ബോലെറോയ്ക്ക് 67,000രൂപവരേയുള്ള ഡിസ്‌കൗണ്ടും ലഭ്യമാണ്.

മികച്ച വില്പന കാഴ്ചവെക്കുന്ന പ്രീമിയം എസ്‌യുവി മോഡലുകളായ എക്സ്‌യുവി500, കെയുവി 100 എന്നിവയ്ക്ക് 89,000, 73,000രൂപാ നിരക്കിലാണ് ഓഫർ. കുറച്ച് മാസങ്ങളിലായി എക്സ്‌യുവി500ന്റെ വില്പന വളരെ കുറവായതിനാലാണ് ഡിസ്‌കൗണ്ടിൽ അല്പം വർധനവ്.

മഹീന്ദ്രയുടെ ഏറ്റവും കൂടിയ വിലയ്ക്കുള്ള എസ്‌യുവി സാങ്‌യോങ് റെക്സ്ടണിന് 2.71 ലക്ഷത്തിന്റെ വളരെ ആകർഷകമായ ഓഫറാണ് നൽകിയിരിക്കുന്നത്. മഹീന്ദ്രയുടെ കൊറിയന്‍ ഉപസ്ഥാപനമായ സാങ്യങ്ങില്‍ നിന്നുള്ള എസ് യു വിയാണ് റെക്സ്റ്റണ്. വര്‍ഷാവസാനം വരെ വിവിധ മോഡലുകള്‍ക്കുള്ള വിലക്കിഴിവ് മഹീന്ദ്ര തുടരാനാണു സാധ്യത. നവംബറിലെ വില്‍പ്പന 2015ല്‍ ഇതേ മാസത്തെ അപേക്ഷിച്ച് 29.49% ഇടിഞ്ഞതായും മഹീന്ദ്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2015 നവംബറില്‍ 39,383 യൂണിറ്റ് വിറ്റ സ്ഥാനത്തു കഴിഞ്ഞ മാസം വിറ്റത് 29,814 വാഹനങ്ങള്‍ മാത്രം.

വർഷാവസാന ഓഫർ എന്നനിലയ്ക്ക് റിനോ ഇന്ത്യ പ്രത്യേക ഓഫറുകൾ ഒരുക്കിയിരുന്നു. ഇതിനൊപ്പം നോട്ട് പ്രതിസന്ധി കൂടി വന്നതോടെ ഉപഭോക്താക്കള്‍ക്ക് നല്ല കാലമായെന്നു വേണം പറയാന്‍. 100 ശതമാനം ഓൺ റോഡ് ഫണ്ടിംഗാണ് റിനോ ക്വിഡിനായി ഏർപ്പെടുത്തിയിരിക്കുന്നത്.  പൾസ് ഹാച്ച്ബാക്കിന് 40,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം 4.99 ശതമാനം പലിശനിരക്കുമാണുള്ളത്. ഇതിനുപുറമെ 5,000രൂപയുടെ അക്സെസറികളും ഓഫർ ചെയ്തിട്ടുണ്ട്.

സ്‌കാലയ്ക്ക് 90,000 രൂപയുടെ ആനുകൂല്യത്തോടൊപ്പം 5,000രൂപ വിലയുള്ള ആക്സസറികളും ഓഫർ ചെയ്തിട്ടുണ്ട്. കൂടാതെ ഓൺ റോഡ് വിലയ്ക്ക് നൂറ് ശതമാനം ഫണ്ടിംഗും ലഭിക്കും. ഒരു ലക്ഷം രൂപയുടെ ആകർഷക ഓഫറാണ് ലോഡ്‌ജിക്ക് റിനോ വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ 5,000രൂപയുടെ അക്സസറിക്കൊപ്പം റോഡ് വിലയ്ക്ക് നൂറ് ശതമാനം ഫിനാൻസ് ഓപ്ഷനും. 80,000രൂപയുടെ പ്രത്യേക ആനുകൂല്യമാണ് ഡസ്റ്ററിന്. ഈ പ്രത്യേക വിലയ്ക്കൊപ്പം 60,000രൂപയുടെ ഗിഫ്റ്റ് വൗച്ചറും ഓൺ റോഡ് വിലയ്ക്ക് നൂറ് ശതമാനം ഫണ്ടിംഗും ഡസ്റ്ററിനും ലഭിക്കും.

ചുരുക്കത്തില്‍ വാഹനപ്രേമികളുടെ നല്ലകാലം പിറന്നിരിക്കുന്നു. പുതിയ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു വസന്തകാലമാണ്. വിലക്കിഴിവിന്‍റെ വസന്തകാലം.