Asianet News Malayalam

ആ ഐതിഹാസിക വാഹനം സ്വന്തമാക്കി ബിജുക്കുട്ടന്‍!

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന ബിജുക്കുട്ടന്‍റെ ഇനിയുള്ള യാത്രകള്‍ അമേരിക്കന്‍ ഐതിഹാസിക വാഹന ബ്രാന്‍ഡായ ജീപ്പിന്‍റെ ജനപ്രിയ മോഡല്‍ കോംപസിലാണ്

Bijukkuttan Jeep Compass
Author
Trivandrum, First Published Nov 5, 2018, 5:07 PM IST
  • Facebook
  • Twitter
  • Whatsapp

മിനിസ്ക്രീനിലും സിനിമകളിലുമൊക്ക നര്‍മ്മം വാരിവിതറി മലയാളികളുടെ നെഞ്ചില്‍ ഇടംപിടിച്ച താരമാണ് ബിജുക്കുട്ടന്‍. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന ബിജുക്കുട്ടന്‍റെ ഇനിയുള്ള യാത്രകള്‍ അമേരിക്കന്‍ ഐതിഹാസിക വാഹന ബ്രാന്‍ഡായ ജീപ്പിന്‍റെ ജനപ്രിയ മോഡല്‍ കോംപസിലാണ്. കോംപസിന്റെ ലോഞ്ചിട്യൂഡ് വകഭേദം ബിജുക്കുട്ടന്‍ സ്വന്തമാക്കിയ വാര്‍ത്ത വാഹനപ്രേമികള്‍ കൗതുകത്തോടെയാണ് കേട്ടത്. 

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ഇവയുടെ തൊട്ടാല്‍ പൊള്ളുന്ന വില ജീപ്പിനും വാഹനപ്രേമികള്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു. ഗ്രാൻഡ് ചെറോക്കീക്ക് ഒരു കോടിയോളം രൂപയും റാംഗ്ലറിന് 50 ലക്ഷത്തോളവും വിലവരും. അതിനാൽ തന്നെ ജീപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പെരുമയോടെയെത്തുന്ന കോംപസിനെ വാഹനപ്രേമികള്‍ നെഞ്ചേറ്റുന്നു.

2007 ലാണ് ആദ്യ കോംപസ് പുറത്തുവന്നത്. ബെൻസിന്റെ ജിഎസ് പ്ലാറ്റ്‌ഫോമിലാണ് കോംപസ് ജനിച്ചത്. 2011ൽ ഒരു ഫേസ്‌ലിഫ്റ്റ് ചെയ്ത മോഡൽ കൂടി വന്നു. 2017ലാണ് ഇപ്പോൾ കാണുന്ന രണ്ടാം തലമുറയിൽപ്പെട്ട കോംപസിന്റെ ജനനം. ബ്രസീലിലാണ് ആദ്യമായി വിപണിയിലെത്തിയത്. ചൈന, മെക്‌സിക്കോ എന്നിവിടങ്ങളിലും കോംപസ് നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും പെട്രോള്‍ എന്‍ജിന്‍ സൃഷ്‍ടിക്കും.  6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമിയും പെട്രോളിനു 17.1 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.  എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്. 15.42 ലക്ഷം മുതല്‍ 22.92 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില. വാഹനത്തിന് കരുത്തേകുന്നത്. 

രാജ്യത്തെ വിവിധ ഓട്ടോമൊബൈൽ മാസികകളും സൈറ്റുകളും നല്‍കിയ നിരവധി പുരസ്കാരങ്ങളും ഇതുവരെ കോംപസിനെ തേടി എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച വാഹനം എന്ന പുരസ്കാരം ഏഴ് എണ്ണം ലഭിച്ചപ്പോൾ ഏറ്റവും മികച്ച എസ് യു വി എന്ന പുരസ്കാരം 19 എണ്ണമാണ് ലഭിച്ചത്.

മലയാള സിനിമ ലോകത്തെ ഇഷ്ട എസ് യു വിയായി മാറുകയാണ് ജീപ്പ് കോംപസ്. താരങ്ങളായ ഉണ്ണിമുകുന്ദന്‍, പ്രയാഗ മാർട്ടിന്‍, ശ്രീനിവാസന്‍, നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍, സംവിധായകനായ മിഥുൻ മാനുവല്‍ തുടങ്ങിയവരും നേരത്തെ ജീപ്പ് കോംപസ് സ്വന്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios