വാഷിംഗ്ടണ്‍: കാറിലെ ജിപിഎസിനെ വിശ്വസിച്ച ഡ്രൈവര്‍ ഒടുവില്‍ കയലില്‍നിന്നാണ് കരകയറിയത്. യാത്ര മാര്‍ഗ്ഗം വ്യക്തമാക്കുന്ന ജിപിഎസ് സംവിധാനം പിന്തുടര്‍ന്ന് രണ്ട് യാത്രികരുമായി പോകുകയായിരുന്ന കാറാണ് കായലില്‍ പതിച്ചത്. അമേരിക്കയിലെ വെര്‍മോണ്ടിലാണ് സംഭവം. കാര്‍ വാടകയ്ക്കെടുത്താണ് പുതിയതായി വെര്‍മോണ്ടില്‍ എത്തിയ മൂന്ന് സുഹൃത്തുക്കള്‍ യാത്ര ചെയ്തിരുന്നത്. 

ജനുവരി 12 നാണ് സംഭവം നടന്നത്. ജിപിഎസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് യാത്ര ചെയ്യുന്നതിനിടെ കാര്‍ ഐസ് മൂടിക്കിടന്ന കായലിലേക്ക് വീഴുകയായിരുന്നു. ആദ്യം ഐസിലൂടെ നിരങ്ങിയിറങ്ങിയെങ്കിലും ഇത് തകര്‍ന്ന് വെള്ളത്തിലേക്ക് വിഴുകയാണുണ്ടായതെന്ന് പൊലീസ് പറയുന്നു. മൂന്നുപേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട് കാറിന്‍റെ ബംബര്‍ ഭാഗം മാത്രമാണ് കായലിന് പുറത്തേക്ക് കാണാനുണ്ടായിരുന്നത്. 

ഗൂഗിളിമന്‍റെ വേസ് എന്ന മാപ് സംവിധാനമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ട്രാഫിക്കില്‍നിന്നും സ്പീഡ് ക്യാമറകളില്‍നിന്നും രക്ഷപ്പെടാന്‍ മിക്കവരും ഉപയോഗിക്കുന്ന സംവിധാനമാണ് ഇതെന്നും കാര്‍ ഉടമ പറഞ്ഞു. അതേസമയം വേണ്ട പരിഷ്കാരങ്ങള്‍ വരുത്തിയാണ് വേസ് പുറത്തിറക്കിയിരിക്കുന്നതെന്നും ലഭ്യമായ ഏറ്റവും കൃത്യമായ വിവരങ്ങളാണ് വേസ് നല്‍കുന്നതെന്നും ഗൂഗിള്‍ വക്താവ് ജൂലി മോസ്റ്റര്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു. റോഡില്‍ നോക്കി, പുറത്ത് നല്‍കിയിരിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ കൂടി ശ്രദ്ധിച്ചുവേണം വാഹനമോടിയ്ക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.