ഏഷ്യയിലെ മികച്ച 10 ടൂറിസം കേന്ദ്രങ്ങളില്‍ മലബാറിന് മൂന്നാം സ്ഥാനം. ലോകത്തെ ഏറ്റവും വലിയ യാത്രാ മാഗസിനായ ലോണ്‍ലി പ്ലാനറ്റാണ് മലബാറിനെ മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി തിരഞ്ഞെടുത്തത്. മനോഹരമായ ബീച്ചുകള്‍, ബേക്കല്‍ കോട്ട, ഹോംസ്റ്റേകള്‍ എന്നിവയെല്ലാം ടൂറിസത്തില്‍ പേരുകേട്ട ഗോവയേക്കാള്‍ മികച്ചതാണെന്നാണ് ലോണ്‍ലി പ്ലാനറ്റിന്റെ നിരീക്ഷണം. 

ദീര്‍ഘകാലമായി ശ്രദ്ധിക്കപ്പെടാതെ കിടന്ന ഇവിടം പ്യൂപ്പയില്‍ നിന്ന് പൂമ്പാറ്റ പറന്നുയരുന്നതുപോലെ കുതിക്കുന്നു എന്നാണ് ലോണ്‍ലി പ്ലാനറ്റ് പുറത്തിറക്കിയ ലേഖനത്തില്‍ പറയുന്നത്. ഉത്തര കേരളത്തിലെ ബീച്ചുകള്‍, ജലാശയങ്ങള്‍, മലനിരകള്‍, വയനാടന്‍ കാനനഭംഗി, തെയ്യം തുടങ്ങിയവയെക്കുറിച്ചെല്ലാം ലോണ്‍ലി പ്ലാനറ്റില്‍ വിവരിക്കുന്നുണ്ട്. 

അമ്പരിപ്പിക്കുന്ന അറബിക്കടലും നിബിഡവനങ്ങളും സവിശേഷമായ ക്ഷേത്രാനുഷ്ടാനങ്ങളും മലബാറിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം 10 ലക്ഷത്തോളം ടൂറിസ്റ്റുകള്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ 6000പേര്‍ മാത്രമാണ് ഉത്തര കേരളത്തിലെത്തിയതെന്ന് ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

മലബാര്‍ ടൂറിസത്തെ പ്രോല്‍സാഹിപ്പിക്കാന്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ശ്രമിക്കുമെന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ പ്രതികരിച്ചു. കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ ഇത് സാധ്യമാകുമെന്നും ഏട്ട് പുഴകളെ ബന്ധിപ്പിച്ച് മലനാട് ജലയാത്ര ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.