സൂപ്പർതാരത്തിന്റെ സൂപ്പര്‍ ബൈക്ക് ലേലത്തിനെത്തുന്നു. ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ ട്രയംഫ് ബോൺവിൽ ബൈക്കാണ് കാരൾ നാഷ് എം സി എൻ ലണ്ടൻ മോട്ടോർ സൈക്കിൾ ഷോയിലെ കോയ്സ് ഓക്ഷനിലെത്തുന്നത്.
സ്റ്റണ്ട്താരം ബഡ് എറ്റ്കിൻസിനോടുള്ള ആദരസൂചകമായി ഐക്കണിക്ക് ബ്രിട്ടീഷ് ബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് പുറത്തിറക്കിയ മൂന്നു പ്രത്യേക പതിപ്പുകളിൽ ഒന്നാണ് 2009 മോഡൽ ‘ട്രയംഫ് ബോൺവിൽ ബഡ് എറ്റ്കിൻസ് ഡസർട് സ്ക്രാംബ്ലർ സ്പെഷൽ’. 2008ൽ അന്തരിച്ച എറ്റ്കിൻസിന്റെ ജീവിതം ആഘോഷിക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ബൈക്കുകളുടെ നിർമാതാവ് ബ്രാഡ് ഹോൾസ്റ്റീൻ ആണ്.
ഇന്ധനടാങ്കിന്റെ മൂടിയിൽ ജന്മദിനാശംസകൾ ആലേഖനം ചെയ്ത ബൈക്ക് ‘ഓഷ്യൻസ് ഇലവൻ’ നിർമാതാവ് ജെറി വെയ്ൻട്രോബാണ് ബ്രാഡ് പിറ്റിന് സമ്മാനിച്ചത്. ലേലത്തിൽ 20,000 മുതൽ 30,000 പൗണ്ട് (ഏകദേശം 1.80 ലക്ഷം രൂപ മുതൽ 2.70 ലക്ഷം രൂപ വരെ) നേടാൻ ബൈക്കിനു കഴിയുമെന്നാണു പ്രതീക്ഷ. യഥാർഥ റജിസ്ട്രേഷൻ പ്ലേറ്റ് സഹിതമെത്തുന്ന ബൈക്ക് പ്രവർത്തനക്ഷമമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
