തിരുവനന്തപുരം: സംസ്ഥാനത്ത് ഭാരത് സ്റ്റേജ് ത്രീ ഇരുചക്രവാഹനങ്ങൾ വിറ്റുതീർന്നു. സ്കൂട്ടറുകളും ബൈക്കുകളുമെല്ലാം ഇരുപതിനായിരം രൂപ വരെ വിലക്കുറവിലാണ് വിറ്റുപോയത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് നാളെ മുതൽ ബിഎസ് 4 വാഹനങ്ങൾ മാത്രമാണ് വിൽക്കാനാവുക.
വിപണിയിൽ ഉത്സവ പ്രതീതി ഉണർത്തിയ വിൽപ്പനയിലാണ് സംസ്ഥാനത്തെ ഭാരത് സ്റ്റേജ് ത്രീ ഇരുചക്ര വാഹനങ്ങളെല്ലാം വിറ്റുതീർന്നത്. ബിഎസ് ത്രീ ബൈക്കുകളും സ്കൂട്ടറുകളുടെയും വാങ്ങാൻ അഭൂതപൂർവ്വമായ തിരക്കാണ് ഷോറൂമുകളിൽ അനുഭവപ്പെട്ടത്. ഏപ്രിൽ ഒന്ന് മുതൽ ബിഎസ് ത്രീ വാഹനങ്ങളുടെ വിൽപ്പന അസാധ്യമായതിനാൽ സ്കൂട്ടറുകൾക്ക് 15,000 രൂപ വരെയും ബൈക്കുകൾക്ക് 20,000 രൂപ വരെയും വില കുറച്ചാണ് പല ഡീലർമാരും വിൽപ്പന നടത്തിയത്. 2014, 2015 മോഡൽ ബൈക്കുകൾക്ക് അരലക്ഷം രൂപ വരെ വിലക്കിഴിവ് കിട്ടി.
പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രീം കോടതി വിധി അനുസരിച്ച് ഭാരത് സ്റ്റേജ് 4 നിലവാരമുള്ള വാഹനങ്ങൾ മാത്രമാണ് ഏപ്രിൽ ഒന്ന് മുതൽ വിൽക്കാനാനാവുക. ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ തെളിയുന്ന ഹൈഡിലൈറ്റുകളുമായാണ് ഈ വാഹനങ്ങൾ നിരത്തിലെത്തുക. പരിസ്ഥിതി മലിനീകരണം കുറയ്ക്കണമെന്ന് സർക്കാർ ലക്ഷ്യമിടുമ്പോഴും ഭാരത് സ്റ്റേജ് വാഹനങ്ങൾക്ക് ആവശ്യമായ ഇന്ധനം സംസ്ഥാനത്ത് പലയിടത്തും ലഭ്യമല്ല.
