Asianet News MalayalamAsianet News Malayalam

പരിഷ്‍കാരിയായി ആ ഐക്കണിക്ക് വാഹനവും

ജനപ്രിയ എസ്‍യുവി കോംപസിന്‍റെ ബിഎസ് 6 പാലിക്കുന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് ഇന്ത്യ

BS6 Jeep Compass launched
Author
Mumbai, First Published Feb 6, 2020, 11:43 AM IST

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ജനപ്രിയ എസ്‍യുവി കോംപസിന്‍റെ ബിഎസ് 6 പാലിക്കുന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് ഇന്ത്യ (എഫ്‌സിഎ). പുതിയ മോഡലുകളുടെ വില പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ബിഎസ് 6 പെട്രോള്‍ മോഡലുകളുടെ വില 25,000 രൂപയും ഡീസല്‍ മോഡലുകളുടെ വില 1.1 ലക്ഷം രൂപയും വര്‍ധിച്ചതായി എഫ്‌സിഎ ഇന്ത്യ വെളിപ്പെടുത്തി. 

നിലവില്‍ 15.60 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവ് പ്ലാന്റിലാണ് കോംപസ് എസ്‌യുവി നിര്‍മിക്കുന്നത്. ഇതോടെ ഈ പ്രീമിയം കോംപാക്റ്റ് എസ്‌യുവിയുടെ എല്ലാ വേര്‍ഷനുകളും ഇനി ബിഎസ് 6 പാലിക്കും. ബിഎസ് 6 വേര്‍ഷനുകള്‍ ഉടന്‍ തന്നെ വിപണിയില്‍ ലഭിച്ചുതുടങ്ങും.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് 2 ഡീസല്‍ എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചപ്പോഴും കരുത്തിലും ടോര്‍ക്കിലും കുറവ് വന്നില്ല. 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും തുടര്‍ന്നും ഉല്‍പ്പാദിപ്പിക്കും. 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ പെട്രോള്‍ എന്‍ജിന്‍ 161 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വല്‍, 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുടെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഡീസല്‍ മോട്ടോറിന് പുതുതായി ‘ആഡ്ബ്ലൂ’ ടാങ്ക് നല്‍കിയിരിക്കുന്നു. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ എന്‍ജിന്‍ വൃത്തിയാക്കുന്നതിന് ഈ ടാങ്കില്‍ യൂറിയ ഉണ്ടായിരിക്കും. ബഹിര്‍ഗമനം കുറയ്ക്കുന്നതിന് പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ക്ക് പുതുതായി ആഫ്റ്റര്‍ ട്രീറ്റ്‌മെന്റ് സിസ്റ്റം ലഭിച്ചു.

കൂടാതെ, പുതുതായി സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കി. ലിമിറ്റഡ് പ്ലസ് വേരിയന്റിന് ഇപ്പോള്‍ പുതുതായി രൂപകല്‍പ്പന ചെയ്ത 18 ഇഞ്ച് അലോയ് വീലുകള്‍ ലഭിച്ചു. മറ്റെല്ലാ വേരിയന്റുകളിലും 17 ഇഞ്ച് വ്യാസമുള്ള അലോയ് വീലുകള്‍ നല്‍കി. എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഇഎസ്‌സി (ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍), ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഫ്രീക്വന്‍സി ഡാംപ്ഡ് സസ്‌പെന്‍ഷന്‍, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ നേരത്തെ നല്‍കിയതാണ്. ‘സെലക്ടെറെയ്ന്‍’ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തിന് കീഴില്‍ ഓട്ടോ, സാന്‍ഡ്, മഡ്, സ്‌നോ എന്നീ നാല് ടെറെയ്ന്‍ മോഡുകള്‍ ലഭിക്കും.

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്‍റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ  കോംപസ് രാജ്യത്തെ സെലിബ്രിറ്റികളുടെ ഇഷ്‍ടവാഹനങ്ങളിലൊന്നാണ്. 

Follow Us:
Download App:
  • android
  • ios