ജനപ്രിയ വാന്‍ ഈക്കോയുടെ ബിഎസ്6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. 3.81 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ വില. വിപണിയില്‍ ഉളള മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ പരിഷ്‌കരിച്ച മോഡലിന് 20,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. എഞ്ചിന്‍ പുതുക്കിയതൊഴിച്ചാല്‍ പുതിയ മോഡലില്‍ മറ്റുമാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെ ബിഎസ്6ന്‍റെയും ഹൃദയം. ഈ എഞ്ചിന്‍ 6,000 rpm -ല്‍ 73 bhp കരുത്തും 3,000 rpm -ല്‍ 98 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.  പരിഷ്‌കാരങ്ങളുടെ ഭാഗമായി കരുത്തില്‍ മാറ്റമില്ലെങ്കിലും ടോര്‍ക്ക് കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 101 Nm ടോര്‍ക്കുംസൃഷ്ടിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 98 Nm ആയി. എന്നാല്‍ ഇന്ധനക്ഷമത കൂടി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബിഎസ്4 ഈക്കോയുടെ ഇന്ധനക്ഷമത 15.37 ലിറ്റര്‍ ആയിരുന്നെകില്‍ ബിഎസ്6 ഈക്കോയുടെ ഇന്ധനക്ഷമത 16.11 ലിറ്റര്‍ ആണ്. 12 വകഭേദങ്ങളിലാണ് പുതിയ ബിഎസ്6 പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. 

പുതിയ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ ഉള്‍പ്പെടുത്തി പുതിയ പതിപ്പിനെ 2019 ഒടുവിലാണ് മാരുതി വിപണിയില്‍ എത്തിച്ചത്. 

മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‍സയ്ക്ക് പകരക്കാരനായി 2010ലാണ് ഇക്കോയെ മാരുതി ആദ്യം അവതരിപ്പിക്കുന്നത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കാരണം നിരത്തൊഴിയുന്ന ഓംനിക്ക് പകരമാണ് മാരുതി ഇക്കോയെ പരിഷ്‌കരിച്ചത്. 2010 ജനുവരിയില്‍ വിപണിയിലെത്തിയ ഈക്കോ ഇതുവരെ 6.5 ലക്ഷത്തിലധികം വിൽപ്പന നേടിയിട്ടുണ്ട്.  2019 -ലെ വില്‍പ്പന കണക്കനുസരിച്ച് ഒരു ലക്ഷം യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2018 -നെക്കാള്‍ വില്‍പ്പനയില്‍ 36 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം. മോഡലുകള്‍ വളരെ കുറവുള്ള ഈ വിഭാഗത്തില്‍ 87 ശതമാനം വിപണി വിഹിതം ഈക്കോയ്ക്കുണ്ടെന്നു മാരുതി സുസുക്കി പറയുന്നു. 

അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഈക്കോ വിപണിയില്‍ ലഭ്യമാണ്. മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുമുള്ളത്. സിഎന്‍ജിയില്‍ 63 bhp പവറും 85 Nm torque ഉം ലഭിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്സ്. സിഎന്‍ജിയില്‍ 21.94 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ്6 എന്‍ജിനും എത്തുന്നതോടെ ഈ വാഹനം നിര്‍ത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തി ഈക്കോയെ കമ്പനി തിരിച്ചെത്തിയിരിക്കുകയായിരുന്നു. ഭാവിയില്‍ നടപ്പാക്കാനിരിക്കുന്ന ക്രാഷ് ടെസ്റ്റിനെ അതിജീവിക്കാന്‍ കഴിയുന്ന ദൃഢമായ മെറ്റലുകള്‍ കൊണ്ട് മുന്‍ഭാഗത്തെ പുതുക്കി പണിതിട്ടുണ്ട്.

ഈക്കോയുടെ ശ്രേണിയില്‍ മാരുതി മുമ്പ് നിരത്തില്‍ എത്തിച്ചിരുന്ന ഒമ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനാവാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഈക്കോയെ മാരുതി കൂടുതല്‍ കരുത്തനാക്കിയത്. പുതിയ പരിഷ്‌കരിച്ച പതിപ്പിനെ അവതരിപ്പിക്കുന്നതോടെ വിപണിയില്‍ മോഡലിന് ആവശ്യക്കാര്‍ ഏറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.