ഓരോ വർഷവും ഒന്നരലക്ഷം പേർ റോഡപകടങ്ങളിൽ മരിക്കുന്നുവെന്നാണ്‌ കണക്ക്‌. പ്രകൃതിദുരന്തങ്ങളിലും അക്രമങ്ങളിലും കൊല്ലപ്പെടുന്നതിനേക്കാൾ ഇരട്ടിയാണിത്‌. 2020ഓടെ റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം പകുതിയാക്കി കുറയ്ക്കാനുദ്ദേശിച്ചുള്ളതാണ്‌ നിർദ്ദിഷ്ട മോട്ടോർ വാഹന (ഭേദഗതി) നിയമം.

സുപ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു
* മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000. നിലവില്‍ ഈടാക്കുന്നതിന്റെ അഞ്ച് മടങ്ങ് ഇരട്ടിയാണിത്. അപകടത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. പത്തുവര്‍ഷം വരെ തടവും ലഭിക്കും.

* പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഇതു വഴി അപകടമുണ്ടാവുകയാണെങ്കില്‍ കുടുംബത്തില്‍ നിന്ന് 25,000 രൂപ വരെ പിഴ ഈടാക്കും. ആര്‍ സി ഓണര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും ലഭിക്കും

* ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം

* ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ 1,000 രൂപ പിഴ. മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. സിഗ്‌നല്‍ തെറ്റിച്ചാലും വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കിലും ഇതേ ശിക്ഷ

* മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് വാഹനമോടിച്ചാല്ലുള്ള പിഴ 1000 രൂപയിൽ നിന്ന്‌ 5000 രൂപയായി ഉയർത്തി

* വാഹനാപകടത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരവും വര്‍ദ്ധിപ്പിച്ചു. മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കണം. ഗുരുതരമായി പരുക്കേല്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ 5 ലക്ഷം രൂപയും നല്‍കണം. നേരത്തെ ഇത് 50,000 രൂപയും 25,000 രൂപയുമായിരുന്നു. അപകടത്തിനിരയായ വ്യക്തിക്ക്‌ സെറ്റിൽമെന്റായി അഞ്ച്‌ ലക്ഷം രൂപ നാല്‌ മാസത്തിനുള്ളിൽ നൽകണമെന്നും നിർദ്ദിഷ്ട ബിൽ ശുപാർശ ചെയ്യുന്നു.

* സർക്കാർ ഉദ്യോഗസ്ഥരും നിയമപാലകരും കുറ്റം ചെയ്താൽ അവരിൽ നിന്ന്‌ ഇരട്ടിത്തുക ഈടാക്കും

* അനുവദനീയമായതിൽ കൂടുതൽ പേരെ കയറ്റുക തുടങ്ങിയ കുറ്റങ്ങൾക്കെല്ലാം നിലവിലുള്ള പിഴ പത്തിരട്ടി വരെ വർദ്ധിപ്പിച്ചു

* മോട്ടോർവാഹന ലൈസൻസ്‌ നൽകൽ, വാഹന രജിസ്ട്രേഷൻ എന്നിവയിലും സമഗ്രപരിഷ്കരണത്തിന്‌ ബിൽ ശുപാർശ ചെയ്യുന്നു

* പുതിയ വാഹനം ഡീലറുടെ പക്കൽ തന്നെ രജിസ്ട്രേഷൻ ചെയ്യേണ്ടതായിവരും. ഇപ്പോൾ ഡീലർമാർ താത്കാലിക പെർമിറ്റ്‌ എടുക്കുകയും പിന്നീട്‌ ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്യുകയുമാണ്‌

* ലേണേഴ്സ്‌ ലൈസൻസ്‌ ഇനിമുതൽ ഓൺലൈനായി മാത്രമേ നൽകുകയുള്ളൂ. കോൾ ടാക്സി മേഖലകളെയും മോട്ടോർ വാഹനനിയമത്തിൻ കീഴിൽ കൊണ്ടുവരും

* വാഹനാപകടം വരുത്തിവയ്ക്കുന്നവർക്ക്‌ ശിക്ഷയായി കമ്മ്യൂണിറ്റി സർവീസ്‌ നടപ്പാക്കാനും നിർദ്ദിഷ്ടനിയമം ശുപാർശ ചെയ്യുന്നു. നിർദ്ദേശിക്കുന്ന ജോലി സേവനമായി നിശ്ചിത കാലയളവിനുള്ളിൽ ചെയ്യാൻ അനുശാസിക്കുന്ന നിയമമാണിത്‌. ക്രിമിനൽ നിയമത്തിലെ നല്ലനടപ്പിനു സമാനമായ വകുപ്പ്.

ബിഎംഡബ്ല്യു കേസിലെ സുപ്രിംകോടതി വിധിന്യായത്തിന്റെ ചുവടുപിടിച്ചാണ്‌ ഈ ഭേദഗതി ബില്ലില്‍ ഉൾപ്പെടുത്തിയത്‌. ഈ കേസിലെ പ്രതി സഞ്ജീവ്‌ നന്ദയെ കോടതി രണ്ട്‌ വർഷം കമ്മ്യൂണിറ്റി സർവീസിന്‌ ശിക്ഷിച്ചിരുന്നു. 1999 ജനുവരിയിൽ മഹാരാഷ്ട്രയിലെ ഗുർഗാവിൽ നിശാ പാർട്ടിക്ക്‌ ശേഷം കാറിൽ തിരികെ പോകുമ്പോൾ ചെക്പോസ്റ്റിലുള്ള പൊലീസുകാരൻ കൈകാണിച്ചിട്ടും നിർത്താതെ പോകാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട്‌ ചെക്ക്പോസ്റ്റ്‌ ഇടിച്ചുതകർക്കുകയായിരുന്നു. അപകടത്തിൽ ആറ്‌ പൊലീസുകാരും ഒരു വഴിയാത്രക്കാരനും മരിച്ചു. പ്രമുഖ ഇന്ത്യൻ വ്യവസായി സുരേഷ്‌ നന്ദയുടെ മകനാണ്‌ സഞ്ജീവ്‌. ഈ കേസ്‌ വളരെയേറെ വിവാദം സൃഷ്ടിച്ചിരുന്നു.

കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയ മോട്ടോർവാഹനനിയമ (ഭേദഗതി) ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ്‌ സൂചന