തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് അമിത വേഗത്തിൽ കാറോടിച്ചവർ നഗരത്തില്‍ ഭീതിപരത്തി. ഒടുവില്‍ വാഹനത്തില്‍ നിന്നും കത്തി വലിച്ചെറിഞ്ഞ ശേഷം വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് തലസ്ഥാന നഗരിയിലായിരുന്നു സഭവം. 

മ്യൂസിയം മുതൽ പ്രസ് ക്ലബ് വരെ ജനത്തെ വിറപ്പിച്ചുകൊണ്ടായിരുന്നു കാറോട്ടം. മ്യൂസിയം ഭാഗത്തു നിന്നു കാർ അമിതവേഗത്തിൽ പായുന്നുവെന്ന വിവരത്തെ തുടര്‍ന്ന്. ബേക്കറിക്കു സമീപം പൊലീസ് സംഘം വാഹനം തടഞ്ഞെങ്കിലും നിർത്താതെ പോയി. പിന്നാലെ പൊലീസ് വാഹനം പായുന്നതു കണ്ടു കാർ വീണ്ടും കുതിച്ചു പാഞ്ഞു.

കാര്‍ പ്രസ് ക്ലബ് റോഡിലേക്കു കടന്നയുടൻ കാറില്‍ നിന്നും ഒരു കത്തി പുറത്തേക്ക് എടുത്തെറിഞ്ഞു. രണ്ട് ബൈക്ക് യാത്രികര്‍ കാറിനടിയില്‍ നിന്നും അത്ഭുതകരമായാണു രക്ഷപ്പെട്ടത്. കാൽ നടയാത്രക്കാർ പരിഭ്രാന്തരായി ഓടിമാറി. കാറിൽ നിന്നു കത്തി വലിച്ചെറിഞ്ഞതു കണ്ടുനിന്നവര്‍ അമ്പരന്നു. 

അതിനിടെ സിനിമാ സ്റ്റൈലിൽ കാർ കറക്കി വളച്ചശേഷം വാഹനം സെക്രട്ടേറിയറ്റ് ഭാഗത്തേക്കു പാഞ്ഞു. ഒടുവില്‍ പാളയം സാഫല്യം കോംപ്ലക്സിനു സമീപത്തു നിന്നും ഉപേക്ഷിച്ച നിലയില്‍ കാർ കണ്ടെടുത്തു. സിസി ക്യാമറ പരിശോധിച്ചാണ് പൊലീസ് ഇവിടെത്തിയത്. വാഹനം ഉപേക്ഷിച്ച ശേഷം കാറിലുണ്ടായിരുന്നവർ രക്ഷപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. 

അന്വേഷണത്തിൽ കാർ ഉടമയെപ്പറ്റിയുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിലുണ്ടായിരുന്നത് ക്വട്ടേഷൻ സംഘാംഗങ്ങളാകാമെന്നും മദ്യലഹരിയിലാവാമെന്നും സൂചനകളുണ്ട്.