ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ചുതകര്‍ത്ത ശേഷം കാര്‍ നിര്‍ത്താതെ പാഞ്ഞു ഒടുവില്‍ കാറിനു തീ പിടിച്ചു. 

ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ചുതകര്‍ത്ത ശേഷം നിര്‍ത്താതെ പാഞ്ഞ കാറിനു തീ പിടിച്ചു. കാറിലുണ്ടായിരുന്നവര്‍ പൊലീസിന്‍റെ സമയോചിത ഇടപെടല്‍ മൂലം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാഞ്ഞിരപ്പളളി - ഈരാറ്റുപേട്ട റോഡില്‍ വില്ലണിയിലായിരുന്നു സംഭവം.

എരുമേലിയില്‍ നിന്ന് ഈരാട്ടുപേട്ടയിലേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട കാര്‍. വേഗതയിലെത്തിയ വാഹനം ആനക്കല്ലിന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു. കനത്ത ഇടിയില്‍ പോസ്റ്റും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു. പക്ഷേ യാത്രികര്‍ കാര്‍ നിര്‍ത്തിയില്ല.

ഈ സമയം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം മുന്‍ഭാഗം തകര്‍ന്ന കാറിനു കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് കാറിനെ പിന്തുടര്‍ന്ന പൊലീസ് സംഘം ജീപ്പ് റോഡിനു കുറുകെയിട്ടാണ് വാഹനം നിര്‍ത്തിച്ചത്. പിന്നീടാണ് സിനിമാ സ്റ്റൈല്‍ സംഭവങ്ങള്‍ അരങ്ങേറിയത്.

കാറിലുണ്ടായിരുന്നവരെ പൊലീസ് പുറത്തിറക്കി നിര്‍ത്തി. എന്നാല്‍ നിമിഷങ്ങള്‍ക്കകം കാറിനു തീ പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. പൊലീസ് വാഹനം തടഞ്ഞില്ലായിരുന്നെങ്കില്‍ കാറിലുണ്ടായിരുന്നവര്‍ അഗ്നിക്ക് ഇരയാകുമായിരുന്നുവെന്ന് ചുരുക്കം.

ഇടിയില്‍ തകര്‍ന്ന വാഹനം ഓടിച്ചപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് തീയുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നുവെന്നും സൂചനയുണ്ട്.