ഇന്ത്യന്‍ വിപണിയില്‍ അപ്രമാദിത്വം ഉറപ്പിച്ച് വീണ്ടും മാരുതി. 2019 ജനുവരി മാസത്തെ വില്‍പന കണക്കുകള്‍ പുറത്തു വന്നപ്പോഴാണ് മാരുതിയുടെ മിന്നുന്ന പ്രകടനം.  139,440 യൂണിറ്റിന്‍റെ വില്‍പനയോടെയാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി മാരുതി കുതിക്കുന്നത്. 

ഹ്യുണ്ടായ്, മഹീന്ദ്ര എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നിലനിര്‍ത്തി. അതേസമയം വില്‍പ്പനയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയും നേട്ടമുണ്ടാക്കിയതായാണ് കണക്കുകള്‍. ടാറ്റയെ പിന്നിലാക്കി രാജ്യത്തെ നാലാമത്തെ വലിയ കാര്‍ നിര്‍മാതാക്കളാകാന്‍ ഹോണ്ടയ്ക്ക് സാധിച്ചു. 18,261 യൂണിറ്റ് കാറുകളാണ് ഹോണ്ട വിറ്റത്. 17,404 യൂണിറ്റ് കാറുകള്‍ വിറ്റഴിക്കാനെ കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്‌സിന് സാധിച്ചുള്ളു. 2018 ജനുവരിയിലെ വില്‍പനയെക്കാള്‍ 23 ശതമാനത്തിന്റെ അധിക വളര്‍ച്ചയാണ് ഹോണ്ട നേടിയത്. പുതിയ അമേസ്, സിറ്റി, ഡബ്ല്യുആര്‍-വി എന്നിവയുടെ മികച്ച വില്‍പനയാണ് ഹോണ്ടയുടെ കുതിപ്പിനു പിന്നില്‍. അതേസമയം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പനയില്‍ 13 ശതമാനത്തിന്റെ കുറവുണ്ടായി. 

രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് 45,803 യൂണിറ്റുകള്‍ വിറ്റഴിച്ചു. മൂന്നാംസ്ഥാനത്തുള്ള മഹീന്ദ്രയുടെ വില്‍പന 22,399 യൂണിറ്റുകളാണ്. ടൊയോട്ട, ഫോര്‍ഡ്, റെനോ, ഫോക്‌സ് വാഗണ്‍, ഡാറ്റ്‌സണ്‍ എന്നീ കമ്പനികളാണ് യഥാക്രമം ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിലെത്തിയത്.