ബീജിങ്ങ്: പാകിസ്ഥാനുവേണ്ടി ചൈന അത്യാധുനിക യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് ദേശീയ പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. മറ്റൊരു രാജ്യത്തിനുവേണ്ടി ചൈന നിര്‍മ്മിക്കുന്നതില്‍ വച്ച് ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളായിരിക്കുമിതെന്നും തന്ത്രപ്രധാനമായ ഇന്ത്യന്‍ സമുദ്രത്തില്‍ ശക്തി ഉറപ്പുവരുത്താനാണ് ചൈനയുടെ നീക്കമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ ടൈപ്പ് 054 എ-യുടെ പുതിയ രൂപത്തിലാണ് കപ്പലുകള്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം നാലു കപ്പലാണ് പാകിസ്ഥാന്‍ നാവികസേന ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈനീസ് സര്‍ക്കാരിനു കീഴിലുള്ള ചൈനീസ് സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിങ് കോര്‍പ്പറേഷന്‍ ആണ് കപ്പലുകള്‍ നിര്‍മ്മിക്കുന്നത്. ഷാങ്ഹായിലെ ഹുഡോങ്-സോങ്ഹുവ കപ്പല്‍ നിര്‍മ്മാണകേന്ദ്രത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന കപ്പലിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.