ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കപ്പലായ 'വരുണ' മൂന്നു പതിറ്റാണ്ട് നീണ്ട സേവനത്തിനൊടുവില്‍ വിടവാങ്ങി. വരുണയുടെ ഡി കമ്മിഷനിങ് ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. കോസ്റ്റ്ഗാര്‍ഡ് പശ്ചിമ മേഖല കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.ആര്‍. നൗട്ടിയാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 30 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് 'വരുണ' രാജ്യത്തോട് വിട ചൊല്ലുന്നത്.
1988 ഫെബ്രുവരി 27-നാണ് അന്നത്തെ പ്രതിരോധ മന്ത്രി കെ.സി. പാന്ത് 'വരുണ' കമ്മിഷന്‍ ചെയ്തത്. 243 അടി നീളവും 37 അടി വീതിയുമുള്ള കപ്പലിന് 1,180 ടണ്‍ ഭാരമാണുള്ളത്. 'വരുണ' സേനയുടെ സുപ്രധാനമായ പല പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. മുംബൈയില്‍ നിര്‍മിച്ച കപ്പലിനെ പിന്നീട് കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഒരുകാലത്ത് കള്ളക്കടത്തുകാരുടെയും സ്വര്‍ണ്ണക്കടത്തുകാരുടെയും മറ്റും പേടിസ്വപ്നമായിരുന്ന ഈ കപ്പലിനെ കഴിഞ്ഞ പത്ത് വര്‍ഷമായി കേഡറ്റ് ട്രെയിനിംഗ് ഷിപ്പായി ഉപയോഗിച്ചു വരികയായിരുന്നു.
പരമ്പരാഗത ചടങ്ങനുസരിച്ചായിരുന്നു ഡി കമ്മിഷനിങ് ചടങ്ങ്. സൂര്യാസ്‍തമനം സാക്ഷിയാക്കി, പതാക താഴ്‍ത്തിയാണ് കപ്പല്‍ കൊച്ചിയുടെ തീരത്തോട് വിടപറഞ്ഞത്. ചടങ്ങില്‍ കോസ്റ്റ് ഗാര്‍ഡ് പശ്ചിമ മേഖല കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ കെ ആര്‍ നൗട്ടിയാല്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. കൊച്ചി നാവികസേന ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ആര്‍.ജെ. നദ്കര്‍ണി, റിയര്‍ അഡ്മിറല്‍ എ.എന്‍. അലമന്‍ഡ, ആന്‍ഡമാന്‍ കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡര്‍ ഐ.ജി. കെ.ആര്‍. സുരേഷ്, 'വരുണ' കമാന്‍ഡിങ്ങ് ഓഫീസര്‍ രാജേഷ് മിത്തല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്ന് ശ്രീലങ്ക വാങ്ങിയ കപ്പല്‍ അടുത്ത മാസം ലങ്കയിലേക്ക് യാത്ര തിരിക്കും.
