ചെന്നൈ : വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില നാളെ മുതല്‍ ആറ് മുതല്‍ പത്ത് ശതമാനം വരെ വര്‍ധിക്കും. 49 ടണ്‍ വരെ ഭാരം വരുന്നതാണ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍. ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മുതല്‍ പത്ത് ശതമാനം വരെ വില വര്‍ധിക്കുമെന്ന് അശോക് ലെയ്‌ലാന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ വിനോദ് കെ ദസാരി അറിയിച്ചു.

ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-4 മലിനീകരണ നിയന്ത്രണങ്ങള്‍ പാലിക്കാത്ത വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ച സുപ്രീം കോടതി വിധി കൊമേഴ്‌സ്യല്‍ വാഹന വ്യവസായത്തെ കാര്യമായി ബാധിക്കില്ലെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) പ്രസിഡന്റ് കൂടിയായ വിനോദ് കെ ദസാരി വ്യക്തമാക്കി.

സാധാരണഗതിയില്‍ വാഹന നിര്‍മ്മാതാക്കളുടെ പക്കല്‍ നാല്-ആറ് ആഴ്ച്ചകള്‍ക്കുള്ള സ്റ്റോക് മാത്രമേ ഉണ്ടാകൂ. ഡീലര്‍മാരുടെ ഷോറൂമുകളിലാണെങ്കില്‍ രണ്ട് മുതല്‍ നാല് ആഴ്ച്ചകള്‍ക്കുള്ള വാഹനങ്ങളാണ് സൂക്ഷിക്കുന്നതെന്നും ദസാരി ചൂണ്ടിക്കാട്ടി. അശോക് ലെയ്‌ലാന്‍ഡിന്റെ കൈവശമുള്ള ബിഎസ്-3 വാഹനങ്ങള്‍ നന്നേ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

കയറ്റുമതിക്കുശേഷമുള്ള ബിഎസ്-3 വാഹനങ്ങള്‍ ബിഎസ്-4 എന്‍ജിന്‍ ഘടിപ്പിച്ച് വില്‍പ്പന നടത്താവുന്നതാണെന്ന് ദസാരി നിര്‍ദ്ദേശിച്ചു. പഴയ ബിഎസ്-3 എന്‍ജിനുകള്‍ സ്‌പെയര്‍ പാര്‍ട്‌സ് ആയി വില്‍പ്പന നടത്തുകയും ആവാം.