കൊച്ചി: സുരക്ഷയ്ക്കു മുന്‍തൂക്കം നല്‍കി 28 പുതിയ ഫീച്ചറുകളോടെ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ്സ് കാറുകള്‍ പുറത്തിറക്കി. കരുത്തുറ്റതും ആകര്‍ഷണീയമായതുമായ കാറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 3.29 ലക്ഷമാണ് ഡാറ്റ്‌സണ്‍ ഗോയുടെ വില . ഗോ പ്ലസ്സിന്റേത് 3.83 ലക്ഷവും. ബോളിവുഡ് സൂപ്പര്‍താരവും ഡാറ്റ്‌സണ്‍ ഇന്ത്യ ബ്രാന്റ് അംബാസിഡറുമായ ആമിര്‍ഖാനാണ് പുതിയ പതിപ്പുകളുടെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. 

പുതിയ ജനറേഷന്റെ കാറായ ഗോയും ഗോ പ്ലസ്സും പുത്തന്‍ ജപ്പാനീസ് സംവിധാനങ്ങളിലൂടെയാണ് വികസിപ്പിച്ചത്. ഗോ പ്ലസ്സ് പുതിയ ഡിസൈനിലാണ് പുറത്തിറങ്ങുന്നത്. 1.2 ലിറ്റര്‍ എച്ച്.ആര്‍ 12 ഡി.ഇ പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് 19.83 മൈലേജ് ലഭിക്കും. ഏഴിഞ്ചോളം വരുന്ന വിനോദവിജ്ഞാന സംവിധാനമടങ്ങിയ കാറിനുള്ളിലെ സീറ്റുകള്‍ മൃദുവാണ്. ശബ്ദ തിരിച്ചറിയലും ആന്‍ഡ്രോയിഡ് ഓട്ടോ,ആപ്പിള്‍ കാര്‍ പ്ലേയും എന്നിവയും ലഭ്യമാണ്. നിലവില്‍ ലഭിക്കുന്ന അഞ്ച് നിറങ്ങളെ കൂടാതെ പുതിയ രണ്ടു നിറങ്ങളില്‍ കൂടി ഗോ, ഗോ പ്ലസ്സ് ലഭ്യമാകും. ആംബര്‍ ഓറഞ്ചിലും സണ്‍ സ്റ്റോണ്‍ ബ്രൗണിലും കാര്‍ നിരത്തിലിറങ്ങുന്നുണ്ട്. മുഴുവന്‍ സര്‍വീസ് പാക്കേജുകളോടു കൂടി രണ്ടു വര്‍ഷത്തേക്ക് ഡാറ്റ്‌സണ്‍ കെയര്‍ പരിരക്ഷ കാറുകള്‍ക്ക് കമ്പനി നല്‍കും. എക്‌സിപീരിയന്‍സ ്‌ചെയിഞ്ച് എന്ന ഡാറ്റ്‌സണ്‍ ഇന്ത്യയുടെ പുതിയ ബ്രാന്റ് ക്യാമ്പയിന് ആമീര്‍ ഖാന്‍ തുടക്കം കുറിച്ചു. 

7 ഇഞ്ച് ടച്ച് ഓഡിയോ സംവിധാനം. ആന്‍ഡ്രോയിഡ് ഓട്ടോ ആന്‍ഡ് ആപ്പിള്‍ കാര്‍ പ്ലേ. എല്‍.ഇ.ഡി ഫാഷന്‍ ലാംപ്, 14 ഇഞ്ച് ഡയമണ്ട് കട്ട്് അലോയിസ്,രണ്ടു എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍. 180എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 2450എംഎം വീല്‍ ബേ്‌സ്, 265എല്‍ ലഗേജ് സ്‌പേസ് എന്നിവയും മറ്റ് പ്രത്യേകതകളാണ്.

വിവിധ വിശേഷസംവിധാനങ്ങളുമായാണ് ഗോ പ്ലസ്സ് നിരത്തിലെത്തുന്നത്. പുതിയ ജനറേഷനിലെ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടാണ് ഗോ, ഗോ പ്ലസ്സ് പുറത്തിറക്കുന്നതെന്നു നിസ്സാന്‍ ഇന്ത്യ ഓപ്പറേഷന്‍ പ്രസിഡന്റ് തോമസ് കുഹേല്‍ പറഞ്ഞു. കുടുംബത്തിനൊന്നിച്ച് സുഖമായി യാത്രചെയ്യാന്‍ കഴിയുന്ന വാഹനമാണിതെന്നും ജപ്പാനീസ് നിര്‍മ്മിത വാഹനം സുരക്ഷിതവും സുഖപ്രദവുമായ ഡ്രൈവിംഗ് ഉറപ്പാക്കുമെന്നും തോമസ് കുഹേല്‍ പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള നിസ്സാന്റെയും ഡാറ്റ്‌സണിന്റെയും ഷോറൂമുകളില്‍ നിന്നും കാറുകള്‍ സ്വന്തമാക്കാം.