വാഹന മോഷ്‍ടാക്കളെ 390 കിലോമീറ്റർ പിന്തുടർന്നു പിടികൂടിയ പോലീസ് സംഘം ഇവരുടെ മോഷണ ചരിത്രം കേട്ട് ഞെട്ടിപ്പോയി. മൂന്നു വർഷത്തിനുള്ളിൽ മോഷ്ടിച്ചത് ഏകദേശം 10000 ആ‍ഡംബര കാറുകൾ. അവസാന അഞ്ചു ദിവസം കൊണ്ട് മാത്രം മോഷ്ടിച്ചത് 25 കാറുകൾ. 

ജിപിഎസ് ഉപയോഗിച്ച് വാഹന മോഷ്‍ടാക്കളെ 390 കിലോമീറ്റർ പിന്തുടർന്നു പിടികൂടിയ പോലീസ് സംഘം ഇവരുടെ മോഷണ ചരിത്രം കേട്ട് ഞെട്ടിപ്പോയി. മൂന്നു വർഷത്തിനുള്ളിൽ മോഷ്ടിച്ചത് ഏകദേശം 10000 ആ‍ഡംബര കാറുകൾ. അവസാന അഞ്ചു ദിവസം കൊണ്ട് മാത്രം മോഷ്ടിച്ചത് 25 കാറുകൾ. ദില്ലിയിലാണ് സംഭവം. 

മീററ്റ് സ്വദേശികളായ മുഹമ്മദ് ആരിഫ് (22), മുഹമ്മദ് കാലു (22), മുഹമ്മദ് അമിർ (23) എന്നീ യുവാക്കളാണ് കഴിഞ്ഞ ദിവസം ദില്ലി പൊലീസിന്‍റെ പിടിയിലായത്. കീർത്തി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയ കാറുകളെക്കുറിച്ച് അന്വേഷിച്ച പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ‌

മോഷ്ടിച്ച കാറിൽ ജിപിഎസ് ഘടിപ്പിച്ചതാണ് ഇവർക്ക് പണി കിട്ടാന്‍ കാരണം. ഏകദേശം 390 കിലോമീറ്റർ ഇവരെ പിന്തുടർന്നാണ് പൊലീസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് രണ്ടു ഫോർച്യൂണർ അടക്കം 5 വാഹനങ്ങളും പിടിച്ചെടുത്തു. മുഖ്യമായും ആ‍‍ഡംബര കാറുകൾ മാത്രമാണ് ഈ സംഘം മോഷ്ടിക്കുന്നത്. മോഷ്ടിച്ച വാഹനങ്ങൾ എൻജിൻ നമ്പറും ചെയ്സ് നമ്പറും മാറ്റി ഒഡീസ, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ വില്‍ക്കുകയാണ് പതിവെന്നും പൊലീസ് കണ്ടെത്തി.