ജലന്തര്‍: ഇന്ധനമോ, എന്തിന് ഡ്രൈവര്‍ തന്നെ വേണ്ടാത്തൊരു ബസ്! കേട്ടിട്ട് അന്തംവിടുന്നുണ്ടാകും അല്ലേ? സംഗതി സത്യമാണ്. ഇത്തരമൊരു ബസിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത് നമ്മുടെ രാജ്യത്തു തന്നെയാണെന്നതാണ് പ്രധാന പ്രത്യേകത.

ജലന്തര്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റയിലെ 300 ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ അദ്ഭുത ബസിനെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച 106 മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണ് സൗരോര്‍ജത്തിലും ബാറ്ററിയിലും പ്രവര്‍ത്തിക്കുന്ന ബസ് പ്രദര്‍ശിപ്പിച്ചത്. 

ചെലവ് വളരെ കുറവ് മതി ഈ ബസ് സര്‍വ്വീസ് നടത്താന്‍.  ജിപിഎസ് , ബ്ലൂ ടൂത്ത് തുടങ്ങിയ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന ഈ ബസ് ഓടിക്കാന്‍ ഡ്രൈവര്‍മാരുടെ സേവനം ആവശ്യമില്ല. സൗരോര്‍ജ്ജമാതിനാല്‍ മറ്റ് ഇന്ധനങ്ങളും വേണ്ട. 

6 ലക്ഷം രൂപയാണ് ഈ ബസിന്‍റെ നിര്‍മ്മാണച്ചെലവ്. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ബസില്‍ 10 മുതല്‍ 30 വരെ ആളുകള്‍ക്ക് യാത്ര ചെയ്യാം. ബസ് ഈ വര്ഷം തന്നെ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.